

കൊച്ചി: ത്രില്ലറിൽ തന്നെ വ്യത്യസ്തത കണ്ടെത്താനാണ് 'വലതുവശത്തെ കള്ളനി'ലൂടെ താൻ ശ്രമിച്ചതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ബിജു മേനോനും ജോജു ജോര്‍ജും നായകന്മാരായി എത്തിയ 'വലതുവശത്തെ കള്ളൻ' സിനിമയുടെ റിലീസിന് ശേഷം നടത്തിയ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജീത്തു.
''ത്രില്ലറുകളുടെ മോൾഡ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് ഈ സിനിമയിൽ. ട്വിസ്റ്റുകളും സസ്പെൻസുകളും മാത്രമല്ല ത്രില്ലർ എന്ന് വലതു വശത്തെ കള്ളനിലൂടെ തെളിയിക്കുകയായിരുന്നു. ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് ഈ ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കീറിമുറിക്കേണ്ടവർക്ക് കീറിമുറിക്കാം'', ജീത്തു ജോസഫ് വ്യക്തമാക്കി.
'ദൃശ്യ'വും 'മെമ്മറീസും' ഉൾപ്പെടെയുള്ള ത്രില്ലറുകൾ ഒരുക്കിയിട്ടുള്ള ജീത്തു ജോസഫ് ത്രില്ലർ സിനിമകൾക്ക് പുതിയൊരു നിർവചനം നൽകിയിരിക്കുകയാണ് ഈ സിനിമയിലൂടെ. സാധാരണയായി നമ്മൾ കാണുന്ന ട്വിസ്റ്റുകൾക്കും സർപ്രൈസുകൾക്കും അപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയിലൂടെ കഥ പറയുന്ന ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്, പ്രേക്ഷകരും ഈ പരീക്ഷണത്തെ സ്വാഗതം ചെയ്തതായാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ബിജു മേനോന്റെയും ജോജു ജോർജിന്റേയും അസാധ്യ അഭിനയമുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ട്. ഇവർക്ക് പുറമെ ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്റെ എഡിറ്റിങ്ങും വിഷ്ണു ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്റ്സാണ്.