

കൊച്ചി: ജോജു ജോർജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് തുടക്കം. 'പരിപാടി' എന്നാണ് സിനിമയുടെ ടൈറ്റിൽ. 'പണി' എന്ന സൂപ്പർ ഹിറ്റിന് ശേഷം നടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പരിപാടി'. ജോജു തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്.
'2018', 'രേഖാചിത്രം', 'ആട് 3' എന്നീ ബ്ലോക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രമാണിത്. ഈ ബാനറിൽ ഒരുങ്ങുന്ന 10ാം ചിത്രം കൂടിയാണ് 'പരിപാടി'. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
ഇന്ത്യൻ സിനിമയിലെ മുൻനിര ഛായാഗ്രഹകരിൽ ഒരാളായ രാജീവ് രവിയാണ് സിനിമയ്‌ക്കായി ക്യാമറ ചലിപ്പിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം. യുവൻ സംഗീതം നൽകുന്ന ആദ്യ മലയാളം ചിത്രമാണിത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫേഴ്സ് ആയ അൻപറിവ് മാസ്റ്റേഴ്സ് ആണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്.
2024ൽ 'പണി' എന്ന ചിത്രത്തിലൂടെയാണ് ജോജു ജോർജ് സംവിധായകനായി അരങ്ങേറുന്നത്. മികച്ച കളക്ഷനും അഭിപ്രായവും നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. 'പണി 2' ആകും ജോജു അടുത്തതായി ഒരുക്കുക എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ ചിത്രം ഉപേക്ഷിച്ചതായാണ് സൂചന. രണ്ടാം ചിത്രത്തിന് 'പണി'യുമായി യാതോരു ബന്ധവും ഉണ്ടാകില്ല.
കേരളത്തിന് അകത്തും പുറത്തും യൂറോപ്യൻ രാജ്യങ്ങളിലുമായിട്ടാണ് 'പരിപാടി'യുടെ ചിത്രീകരണം നടക്കുക. നൂറോളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുക.