ഇന്നലെ വൈകിട്ടോടെയാണ് നവാസ് ഹോട്ടലിലേക്ക് പോയത്, റൂം വെക്കേറ്റ് ചെയ്ത് വീട്ടിൽ പോകുയാണെന്ന് പറഞ്ഞിരുന്നു: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
കൊച്ചി: വെള്ളിയാഴ്ച വൈകിട്ടോടെയാണ് കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയിലേക്ക് പോയതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് നവാസ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്.
വൈകിട്ട് 6.15 ഓടെയാണ് അദ്ദേഹം ഹോട്ടലിലേക്ക് തിരിച്ചു പോയത്. റൂം വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് പോവുകയാണെന്നും അറിയിച്ചിരുന്നു. രാത്രി എട്ടരയോടെ നവാസ് റൂം വെക്കേറ്റ് ചെയ്യുമെന്ന് ഹോട്ടലില്‍ വിളിച്ച് അറിയിച്ചത് താനാണെന്നും ശശി പൊതുവാള്‍ ന്യൂസ് മലയാളത്തോടും പറഞ്ഞു.
15 മിനുട്ടിനു ശേഷം ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ച് വരാന്‍ ആവശ്യപ്പെട്ടു. താന്‍ എത്തിയപ്പോള്‍ മുറിയില്‍ നിലത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു നവാസ്. കുളിക്കാന്‍ പോകുന്നതിനായി ടവ്വലും ബാത്തിങ് ജെല്ലും കയ്യിലുണ്ടായിരുന്നു. ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. തൊട്ടു നോക്കിയപ്പോള്‍ ശരീരം തണുത്തിരുന്നു. ഒമ്പത് മണിയോടെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചതായും ശശി പൊതുവാള്‍ പറഞ്ഞു.
അതേസമയം, കലാഭവന്‍ നവാസിന്റെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് ആരംഭിക്കുന്ന സിനിമാ കോണ്‍ക്ലേവിലെ കലാപരിപാടികള്‍ റദ്ദാക്കിയതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കോണ്‍ക്ലേവിന്റെ തുടക്കത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
വൈകിട്ട് ആറ് മണിക്ക് ആലുവ ടൗണ്‍ ജുമാ മസ്ജിദിലാണ് ഖബറടക്കം. വൈകിട്ട് നാല് മണി മുതല്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ പൊതുദര്‍ശനം നടക്കും. നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 9.10 ഓടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് കലാഭവന്‍ നവാസിനെ (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ചോറ്റാനിക്കര സര്‍ക്കാര്‍ ഹൈസ്‌കൂള്‍ മൈതാനത്തിന് എതിര്‍വശത്തുള്ള വൃന്ദാവനം ഹോട്ടലില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ജൂലായ് 25 മുതല്‍ നവാസ് ഇവിടെ താമസിച്ചു വരികയാണെന്നാണ് ചോറ്റാനിക്കര പൊലീസ് പറയുന്നത്.