

കൊച്ചി: രജനികാന്തിനെ നായകനാക്കി കമൽ ഹാസൻ നിർമിക്കുന്ന 'തലൈവർ 173' സംവിധാനം ചെയ്യാൻ സിബി ചക്രവർത്തി. സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകന്റെ പേര് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. സംവിധായകൻ സുന്ദർ സി ചിത്രത്തിൽ നിന്ന് പിന്മാറിയതോടെയാണ് പുതിയ ആളിലേക്ക് നിർമാതാക്കൾ എത്തിയത്.
രാജ്‍ കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമിക്കുന്നത്. രജനികാന്തിന് ഇഷ്ടപ്പെടുന്ന തിരക്കഥയ്ക്കാണ് പരിഗണന നൽകുന്നത് എന്ന് കമൽ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ റോളിൽ നിന്ന് സുന്ദർ സി പിന്‍മാറിയതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നുവിത്. ഇതിനു പിന്നാലെ ധനുഷ് ഉൾപ്പെടെ നിരവധി പേരെ സംവിധായകനായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. എന്നാൽ, ഒടുവിൽ നറുക്ക് വീണത് 'ഡോൺ' എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിക്ക് ആണ്.
തന്റെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ സിബി പങ്കുവച്ചു. "ഒരിക്കൽ, ഒരു ചെറിയ പട്ടണത്തിലെ പയ്യന്റെ വലിയ സ്വപ്നം തന്റെ പ്രിയപ്പെട്ട 'സൂപ്പർ സ്റ്റാറിനെ' നേരിട്ട് കാണുകയും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയും ചെയ്യുക എന്നതായിരുന്നു. ആ ആഗ്രഹമാണ് അവനെ സിനിമയെന്ന അഭിനിവേശത്തിലേക്ക് നയിച്ചത് — ഒടുവിൽ ഒരു ദിവസം ആ വലിയ സ്വപ്നം യാഥാർത്ഥ്യമായി. പിന്നീട് തന്റെ സൂപ്പർസ്റ്റാറിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നതായി അവന്റെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിന് തൊട്ടടുത്ത് വരെയെത്തിയെങ്കിലും അത് നഷ്ടമായി. എങ്കിലും എന്നെങ്കിലും അത് സംഭവിക്കുമെന്ന് അവൻ വിശ്വസിച്ചു — ഇന്ന് ആ ദിവസമാണ്. തലൈവർ 173യുടെ ദിനം. തലൈവർ പറഞ്ഞത് ഞാൻ ഓർക്കുന്നു: 'സ്വപ്നങ്ങൾ പൂവണിയാറുണ്ട്. അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്.' ചിലപ്പോൾ ജീവിതം സ്വപ്നങ്ങൾക്കും അപ്പുറം വളരും. ഇതിഹാസ താരം ഉലകനായകൻ കമൽഹാസൻ സാറും മഹേന്ദ്രൻ സാറും ഞങ്ങളുടെ നിർമാതാക്കളായി എത്തുമ്പോൾ അത് അതിലും വലുതാകുന്നു," സിബി ചക്രവർത്തി കുറിച്ചു.
രജനികാന്ത്, കമൽഹാസൻ, മഹേന്ദ്രൻ എന്നിവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും സിബി എക്സിലൂടെ അറിയിച്ചു. തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. 'ഡോണി'ന് ശേഷം വീണ്ടും അനിരുദ്ധ് രവിചന്ദറിന് ഒപ്പം ഒന്നിക്കുന്നതിന്റെ സന്തോഷവും സിബി പങ്കുവച്ചു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നാണ്.
നിലവിൽ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന 'ജയിലർ 2' ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും 'തലൈവർ 173'യിൽ ജോയിൻ ചെയ്യുക. ഈ വർഷം ആദ്യ പാദത്തിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. 2027 പൊങ്കൽ റിലീസ് ആയാണ് സിനിമ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക എന്നാണ് സൂചന. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.