ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ. ഒരു കുഞ്ഞ് ചിത്രം. വലിയ താരങ്ങളോ മുതൽമുടക്കോ ഇല്ല. ബജറ്റ് വെറും രണ്ട് കോടി രൂപ. കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ അത്ഭുതമാകുകയാണ് 'പ്രേമദ ഊരലി'. 100 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഈ ബജറ്റും കളക്ഷനും കേട്ടാൽ, ഏത് ഇൻഡസ്ട്രിയാണ് ഞെട്ടാത്തത്?
2026 സെപ്റ്റംബർ 25നാണ് 'പ്രേമദ ഊരലി' തിയേറ്ററുകളിലേക്ക് എത്തിയത്. ബിഗ് ബജറ്റ് സിനിമകൾക്ക് മുൻഗണന നൽകിയ തിയേറ്റർ ഉടമകൾ ഈ ചെറിയ ചിത്രത്തെ അവഗണിച്ചു എന്ന് തന്നെ പറയാം. വെറും 60 ഷോകളുമായാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.
വലിയ സോഷ്യൽ മീഡിയ പ്രചാരണങ്ങളൊന്നും ചിത്രത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ, ഓഫ്‌ലൈൻ പ്രൊമോഷൻ ഗംഭീരമായിരുന്നു. ബെംഗളൂരുവിലെ തിരക്കേറിയ തെരുവുകളിൽ വലിയ ഹോർഡിംഗുകൾ സ്ഥാപിച്ചും ഓട്ടോറിക്ഷകളിൽ പോസ്റ്ററുകൾ പതിച്ചും സിനിമയുടെ വരവ് അറിയിക്കാൻ അണിയറപ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. സിനിമ തിയേറ്ററുകളിൽ പോയി കാണണമെന്ന് അണിയറപ്രവർത്തകർ പ്രേക്ഷകരെ നേരിട്ട് കണ്ട് അഭ്യർഥിച്ചു. ബസ് സ്റ്റാൻഡുകൾ, ക്ഷേത്രങ്ങൾ, മെട്രോ സ്റ്റേഷനുകൾ, ട്രെയിനുകൾ അങ്ങനെ ജനം കൂടുന്ന എല്ലാ ഇടങ്ങളിലേക്കും അവർ ഇറങ്ങിച്ചെന്നു. വെറുതെ പറയുകമാത്രമല്ല. അവരുടെ കയ്യിൽ ഒരു ക്ഷണക്കത്തുമുണ്ടായിരുന്നു. 'നിങ്ങളുടെ പ്രണയത്തിന്റെ നാട്ടിൽ നിന്ന്, ഞങ്ങളുടെ പ്രണയത്തിന്റെ നാട്ടിലേക്ക് സ്വാഗതം' എന്ന് എഴുതിയ ക്ഷണക്കത്ത്. ഇത് ശരിക്കും ഫലം കണ്ടു.
ഒൻപത് ലക്ഷം രൂപയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. ആദ്യ ഞായറാഴ്ച കന്നഡ ഇൻഡസ്ട്രിയെ ഞെട്ടിച്ചുകൊണ്ട് 'പ്രേമദ ഊരലി' റിവ്യൂകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞു. രണ്ടാം ആഴ്ച കളക്ഷൻ കുതിച്ചുകയറി. ബി, സി സെന്റുകളിൽ കാണികൾ ഇടിച്ചുകയറി. പടം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി.
'അക്ഷി' എന്ന ചിത്രത്തിലൂടെ മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മനോജ് കുമാർ ആണ് 'പ്രേമദ ഊരലി'യുടെ സംവിധാനം. രംഗായണ രഘു ഒഴികെ സിനിമയിലെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും വലിയ താരമൂല്യമില്ലാത്ത തുടക്കക്കാർ. പാൻ ഇന്ത്യൻ ചിത്രങ്ങളായി എത്തിയ 'ദ പാരഡൈസ്', 'ദൃശ്യം: ദ കൺക്ലൂഷൻ' എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് എത്തിയ 'പ്രേമദ ഊരലി' എങ്ങനെ ഇത്ര വലിയ ഹിറ്റായി? ഓഫ്‌ലൈൻ മാർക്കറ്റിങ് തന്ത്രം മാത്രമാണോ അതിന് കാരണം?
നവാഗതരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു ചരിത്രം കന്നഡ പ്രേക്ഷകർക്കുണ്ട്. റിഷഭ് ഷെട്ടിയും രാജ് ബി ഷെട്ടിയും രക്ഷിത് ഷെട്ടിയുമെല്ലാം അതിന്റെ ഗുണഭോക്താക്കളാണ്. ഇത് ഒരു കാരണമായി പറയാം. പിന്നെ എടുത്തുപറയേണ്ടത് സിനിമയുടെ പ്രമേയവും പരിചരണവുമാണ്. അച്ഛൻ-മകൻ ബന്ധവും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയവും വിശ്വാസവഞ്ചനയുമൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം. തീർത്തും ലളിതമായ ഒരു കുടുംബചിത്രം. അത് അവതരിപ്പിച്ചിരിക്കുന്ന വിധമോ? അതിലും ലളിതം. ഒരു ടെലിവിഷൻ സീരിയലിന്റെ ഘടനയിലും ശൈലിയിലുമാണ് 'പ്രേമദ ഊരലി' ചിത്രീകരിച്ചിരിക്കുന്നത്. കാണികൾക്ക് അത് റിലേറ്റബിൾ ആയി തോന്നി. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ നിന്നുള്ള കുടുംബ പ്രേക്ഷകർക്ക്. അത് സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്.
'പ്രേമദ ഊരലി'യുടെ ഈ അപ്രതീക്ഷിത വിജയം കന്നഡ സിനിമാ ലോകത്തെ അല്പം പ്രതിസന്ധിയിലാക്കിയെന്ന് പറയുന്നതിലും തെറ്റില്ല. കന്നഡ ഫിലിം മേക്കേഴ്‌സ് ഏതാണ്ട് മറന്നുപോയ 'ഫീൽ ഗുഡ്' ഴോണറിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് ചിത്രം. പാൻ ഇന്ത്യൻ മേനിപറച്ചിലുകൾക്ക് പുറകേ പോകണോ അതോ ഫീൽ ഗുഡ് ഗ്രാമീണ വൈബ് പിടിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് അവർ.