
കൊച്ചി: ദേശീയ അവാർഡ് നേടിയ 'കാന്താര'യുടെ രണ്ടാം ഭാഗമായി ഋഷഭ് ഷെട്ടി അണിയിച്ചൊരുക്കിയ 'കാന്താര ചാപ്റ്റർ 1' ബോക്സ്ഓഫീസിൽ തരംഗമാകുകയാണ്. റിലീസ് ആയി ആറ് ദിവസത്തിനുള്ളിൽ ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 290.25 കോടി രൂപയാണ് ചിത്രം നേടിയത്. വാരാന്ത്യത്തിന് മുമ്പ് തന്നെ സിനിമയുടെ ആഗോള കളക്ഷൻ 414 കോടി രൂപയുമായി.
ഉത്തരേന്ത്യയിൽ മികച്ച കളക്ഷനോടെയാണ് ചിത്രം ഏഴാം ദിവസവും പ്രദർശനം തുടരുന്നത്. ചൊവ്വാഴ്ച, 33.5 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. അതിൽ 11 കോടി ഹിന്ദിയിൽ നിന്നും 13 കോടി രൂപ കന്നഡയിൽ നിന്നുമാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കന്നഡയിൽ നിന്ന് 89.35 കോടി രൂപയും ഹിന്ദിയിൽ നിന്ന് 93.25 കോടി രൂപയുമാണ് ഈ ഋഷഭ് ഷെട്ടി ചിത്രം നേടിയത്.
റിലീസ് ദിനത്തിൽ തന്നെ 61.85 കോടി നേടിയ 'കാന്താര 2' ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും വിലയ ഗ്രോസർ ആണ്. കന്നഡയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രം. 'സൂ ഫ്രം സോ' എന്ന സിനിമയെ മറികടന്നാണ് 'കാന്താര 2' ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ റിലീസ് ആയ രാംചരണിന്റെ തെലുങ്ക് ചിത്രം 'ഗെയിം ചെയിഞ്ചർ', സൽമാൻ ഖാന്റെ 'സിക്കിന്ദർ' എന്നീ സിനിമകളെ ഇതിനോടകം ഋഷഭ് ഷെട്ടി ചിത്രം മറികടന്നു കഴിഞ്ഞു.
ഋഷഭ് ഷെട്ടിയെ കൂടാതെ രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സംഗീതം ഒരുക്കിയത് ബി. അജനീഷ് ലോക്നാഥ്, ക്യാമറയ്ക്ക് പിന്നിൽ അരവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈൻ വിനേഷ് ബംഗ്ലാൻ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാണ് സിനിമ റിലീസായത്.