"2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്...; അനുഭവം പങ്കുവച്ച് 'കാന്താര' സംവിധായകന്‍ ഋഷഭ് ഷെട്ടി

രക്ഷിത് ഷെട്ടി നായകനായ 'റിക്കി' ആയിരുന്നു ഋഷഭിന്റെ ആദ്യ സിനിമ
ഋഷഭ് ഷെട്ടി
ഋഷഭ് ഷെട്ടി
Published on

കൊച്ചി: 'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. 2022ല്‍ ഇറങ്ങിയ 'കാന്താര'യുടെ രണ്ടാം ഭാഗമായ സിനിമ ബിഗ് ബജറ്റിലാണ് അണിയിച്ചൊരുക്കിയത്. ഹൈപ്പിനൊപ്പം ചിത്രം ഉയർന്നുവെന്നാണ് പൊതുവേയുള്ള റിപ്പോർട്ടുകള്‍. ഈ വേളയില്‍, സിനിമാ മേഖലയിലെ തന്റെ ആദ്യ കാല അനുഭവങ്ങളില്‍ ഒന്ന് പങ്കുവച്ചിരിക്കുകയാണ് 'കാന്താര' സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി.

"2016ല്‍ ഒരു ഈവനിങ് ഷോ കിട്ടാന്‍ പ്രയാസപ്പെട്ട ഇടത്ത് നിന്ന് 2025ല്‍ 5000ല്‍ അധികം ഹൗസ്‌ഫുള്‍ ഷോകള്‍. ഈ യാത്ര നിങ്ങളുടെ സ്നേഹവും പിന്തുണയും ദൈവകൃപയും കൊണ്ട് മാത്രം സാധ്യമായതാണ്. ഇത് സാധ്യമാക്കിയ ഓരോ വ്യക്തിക്കും എന്നേക്കും നന്ദി," ഋഷഭ് എക്സില്‍ കുറിച്ചു.

ഋഷഭ് ഷെട്ടി
കാന്താര 2, മിത്തും അധികാരവും നേർക്കുനേർ; 'ഗുളികന്' മുന്നില്‍ റെക്കോർഡുകള്‍ തകരുമോ? റിവ്യൂ

2016ല്‍ തന്റെ ആദ്യ സിനിമ 'റിക്കി' ഇറങ്ങിയ സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ഋഷഭ് ഈ വാക്കുകള്‍ കുറിച്ചത്. "അവസാനം ആരുടെയൊക്കയോ കയ്യും കാലും പിടിച്ച് മംഗളൂരു ബിഗ് സിനിമാസില്‍ ഏഴ് മണിക്ക് ഒരു ഷോ ലഭിച്ചു. കാണാന്‍ ആഗ്രഹിക്കുന്നവർ..."എന്നാണ് അന്ന് ഋഷഭ് ട്വിറ്ററില്‍ (ഇന്ന് എക്സ്) കുറിച്ചത്.

ക്രൈം ത്രില്ലർ ഴോണറില്‍ ഇറങ്ങിയ 'റിക്കി' നിർമിച്ചത് എസ്.വി. ബാബുവാണ്. പില്‍ക്കാലത്ത് പ്രശസ്ത സംവിധായകനും നടനുമായി മാറിയ രക്ഷിത് ഷെട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹരിപ്രിയ, അച്യുത് കുമാർ, രവി കാലേ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 'റിക്കി'ക്ക് വലിയ തിയേറ്റർ കളക്ഷന്‍ നേടാന്‍ സാധിച്ചില്ലെങ്കിലും 'കിറുക്ക് പാർട്ടി' എന്ന ചിത്രത്തിലൂടെ എക്കാലത്തെയും വലിയ ഹിറ്റ് ഋഷഭ്-രക്ഷിത് കോംബോ കന്നഡ സിനിമാ ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചു.

ഋഷഭ് ഷെട്ടി
'കാന്താര 2' ഇഫക്ടില്‍ തിയേറ്ററിന് മുന്നില്‍ പ്രേക്ഷന്റെ അസ്വാഭാവിക പ്രകടനം; ഇത്തിരി ഓവറല്ലേ എന്ന് സോഷ്യല്‍ മീഡിയ | വീഡിയോ

'കാന്താര ചാപ്റ്റർ വണ്‍' ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 60 കോടിക്ക് അടുത്താണ് കളക്ഷന്‍ നേടിയത്. സയ്യാരാ (22 കോടി രൂപ) , സിക്കന്ദർ (26 കോടി രൂപ), ഛാവാ (31 കോടി രൂപ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഓപ്പണിങ് ഡേ കളക്ഷന്‍ സിനിമ മറികടന്നു. ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സംഗീതം ഒരുക്കിയത് ബി. അജനീഷ് ലോക്നാഥ്, ക്യാമറയ്ക്ക് പിന്നിൽ അരവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈൻ വിനേഷ് ബംഗ്ലാൻ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാണ് സിനിമ റിലീസായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com