

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം 'സമുക്ക്' ഒരുക്കാൻ അക്ഷയ് കുമാർ - വിപുൽ അമൃത്‌ലാൽ ഷാ ടീം. 'കേരള സ്റ്റോറി'യുടെ നിർമാതാവ് വിപുൽ ഷാ ആണ് സിനിമയുടെ നിർമാണം. സഹനിർമാണം ആഷിൻ എ ഷാ. കനിഷ്ക് വർമ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
'സനക്', 'ഇൻസൈഡ് എഡ്ജ്', 'ഗ്ലോറി' തുടങ്ങിയ പ്രോജക്ടുകൾക്ക് പേരുകേട്ട കനിഷ്ക് വർമ വിപുൽ ഷായുമായി ചേർന്ന് രണ്ട് വർഷത്തിലേറെ സമയമെടുത്താണ് ഈ ചിത്രം വികസിപ്പിച്ചത്. പ്രേക്ഷകർക്കായി ഒരു ലോകോത്തര ഇന്റർസ്റ്റെല്ലാർ ത്രില്ലർ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പറയുന്നത്.
ഹോളിവുഡ് സയൻസ് ഫിക്ഷൻ ഹൊറർ സിനിമകളാണ് ഈ സിനിമയുടെ പ്രചോദനമെന്ന് സംവിധായകൻ കനിഷ്ക് വർമ വെളിപ്പെടുത്തി. പ്രശസ്ത ക്രീച്ചർ എഫ്എക്സ് ഡിസൈനർ അലക് ഗില്ലിസ് ചിത്രത്തിലെ അന്യഗ്രഹ ജീവിയെ രൂപകൽപ്പന ചെയ്യാനും സൃഷ്ടിക്കാനുമുള്ള പദ്ധതിയിൽ പങ്കാളിയാണ്. 'സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ്', 'സ്മൈൽ', 'ഇറ്റ്', 'ട്രെമേഴ്സ്' തുടങ്ങിയ സിനിമകളിലും 'ഏലിയൻ റോമുലസ്' ഉൾപ്പെടെയുള്ള 'ഏലിയൻ', 'പ്രിഡേറ്റർ' ഫ്രാഞ്ചൈസികളിലും പ്രവർത്തിച്ച വിഎഫ്‌എക്സ് ആർട്ടിസ്റ്റാണ് ഗില്ലിസ്.
'മിഷൻ ഇംപോസിബിൾ', 'വെനം' , 'സ്റ്റാർ വാർസ്', 'നോ ടൈം ടു ഡൈ', മാർവലിന്റെ 'വിഷൻ ക്വസ്റ്റ്' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ബ്രിട്ടീഷ് സ്റ്റണ്ട് കോർഡിനേറ്റർ ലൂക്ക് ടംബറാണ് ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. മുൻ റോയൽ മറൈൻസ് കമാൻഡോയായ ടംബർ, നൂറിലധികം അന്താരാഷ്ട്ര സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സിജിഐയെ പൂർണമായും ആശ്രയിക്കുന്നതിനുപകരം പ്രായോഗിക ഇഫക്ടുകളിലാണ് നിർമാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2027ൽ 'സമുക്ക്' തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.