

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ 'ഖലീഫ'യ്ക്ക് വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കലക്ഷൻ. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിങ് ആണ് 'ഖലീഫ' സ്വന്തമാക്കിയത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ താരം എത്തുന്നത്. മാമ്പറക്കൽ അഹമ്മദ് അലിയായുള്ള മോഹൻലാലിന്റെയും, ഐവർ അലക്സാണ്ടറായുള്ള ടൊവിനോ തോമസിന്റെയും അതിഥി വേഷങ്ങൾ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ 2' ൽ മോഹൻലാൽ നായകനായി എത്തും. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബജറ്റ് എന്റർറ്റൈനെർ ആണ് ഖലീഫ. ഈ ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ എത്തിയപ്പോൾ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ