കൊച്ചി: കൂടോത്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിൻ്റെയും കൗതുകത്തിൻ്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രത്തിൻ്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. മഞ്ജുവാര്യർ, പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രം അനൗൺസ് ചെയ്തത്.
ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് സന്തോഷ് ഇടുക്കി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാൻജോ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സലിം കുമാർ, ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലൻസിയർ, ജോയ് മാത്യു, ശ്രീജിത്ത് രവി, റേച്ചൽ ഡേവിഡ്, ദിയ, വീണ നായർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളുമായി ഫിനിക്സ് പ്രഭുവും ചിത്രത്തിലുണ്ട്. ചിത്രത്തിൻ്റെ ബ്രാൻഡിംഗും നിർവഹിക്കുന്നത് ടിക്സ്പീക്ക് ആണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്ന ഈ ചിത്രം വ്യത്യസ്തമായ അനുഭവം തന്നെയാകും പ്രേക്ഷകർക്ക് സമ്മാനിക്കുക. നിഗൂഢതകളുടെ ചുരുളഴിക്കാൻ 'കൂടോത്രം' ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളിൽ എത്തും.