
ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തുന്ന അന്ന ബെൻ നായികയാകുന്ന ചിത്രം, കൊട്ടുകാളിയുടെ ട്രെയിലർ പുറത്ത്. പി. എസ്. വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം നടൻ ശിവകാർത്തികേയന്റെ പ്രൊഡക്ഷൻ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്. ബെർലിൻ അന്തർദേശീയ ചലച്ചിത്രമേളയിൽ ലോക പ്രീമിയർ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് ചിത്രമെന്ന നേട്ടം നേരത്തെ കൊട്ടുകാളി കൈവരിച്ചിരുന്നു.
തൻ്റെ ആദ്യ തമിഴ് ചിത്രം കൂടിയായ കൊട്ടുകാളിയിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് അന്ന പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ സൂരിയും എത്തുന്നുണ്ട്. ബി. ശക്തിവേലാണ് കൊട്ടുകാളിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
കഴിഞ്ഞ വർഷം പി. എസ്. വിനോദ് രാജ് സംവിധാനം ചെയ്ത കുഴങ്കല്ല് എന്ന ചിത്രം ഓസ്കാറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. കൂഴങ്കല്ലിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‍കാരം ലഭിച്ചിരുന്നു.
പ്രഭാസ് നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയിൽ അന്ന ബെൻ പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് വളരെയധികം പോസിറ്റീവായ പ്രതികരണമാണ് അന്നയ്ക്ക് ലഭിച്ചത്. അന്ന ബെന്നിൻ്റെ ആദ്യ അന്യഭാഷ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന ചിത്രത്തിലെ കൈറ എന്ന കഥാപാത്രത്തെ പ്രശംസിച്ച് പ്രമുഖ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.