സെയ്ഫ് അലി ഖാന്‍, ദീപിക പദുകോണ്‍, ഡയാന പെന്റി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഹോമി അഡജാനിയയുടെ റൊമാന്റിക് കോമഡി ചിത്രം കോക്ടെയില്‍ റിലീസ് ചെയ്ത് 13 വര്‍ഷം പിന്നിടുന്നു. സംവിധായകന്‍ വീണ്ടും ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ്. ഷാഹിദ് കപൂര്‍, കൃതി സനോണ്‍, രശ്മിക മന്ദാന എന്നിവരാണ് കോക്ടെയില്‍ 2ലെ താരങ്ങള്‍. ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ ഇതുവരെ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അടുത്തിടെ സംവിധായകന്‍ ഹോമി അഡജാനിയ കൃതിയുടെ വേഷം സ്ഥിരീകരിച്ച് ഫോട്ടോ പങ്കുവെച്ചിരുന്നു. പുതിയ യാത്രയില്‍ താന്‍ വളരെ അധികം ആവേശത്തിലാണെന്ന് കൃതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. "ഇത് വളരെ മികച്ച ഒരു യാത്രയായിരിക്കും. എനിക്ക് അത് അനുഭിക്കാന്‍ കഴിയുന്നുണ്ട്", എന്നാണ് കൃതി സ്റ്റോറിയില്‍ കുറിച്ചത്.
ദിനേശ് വിജന്റെ മാഡോക്ക് ഫിലിംസാണ് കോക്ടെയില്‍ 2 നിര്‍മിക്കുന്നത്. ലൗ രഞ്ജനാണ് ചിത്രത്തിന്റെ രചയ്താവ്. നിലവില്‍ കഥയെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 2026ന്റെ അവസാനത്തില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന.
അതേസമയം 2012ലാണ് കോക്ടെയില്‍ റിലീസ് ചെയ്തത്. ഇംത്യാസ് അലിയായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ചിത്രത്തിന് മികച്ച പ്രേക്ഷക - നിരൂപക പ്രശംസ ലഭിച്ചിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 126 കോടി ചിത്രം നേടുകയും ചെയ്തു.