

മൈക്കൽ മാൻ സംവിധാനം ചെയ്യുന്ന 'ഹീറ്റ് 2'വിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ ലിയോനാർഡോ ഡികാപ്രിയോയും ക്രിസ്റ്റ്യൻ ബെയ്‌ലും പ്രധാന വേഷങ്ങളിൽ എത്തുന്നു. 1995ൽ മൈക്കൽ മാൻ രചനയും സംവിധാനവും നിർവഹിച്ച അമേരിക്കൻ ക്രൈം ഡ്രാമ 'ഹീറ്റി'ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഇതിഹാസ താരങ്ങളായ ആൽ പാചിനോ, റോബർട്ട് ഡി നീറോ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമാനമായി രണ്ടാം ഭാഗത്തിലും ഹോളിവുഡിലെ രണ്ട് സൂപ്പർ താരങ്ങളെ ഒരുമിപ്പിക്കുകയാണ് മാൻ.
അടുത്തിടെ, 'ദി ബ്രൈഡ്' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെ ക്രിസ്റ്റ്യൻ ബെയ്‌ലാണ് സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടത്. താൻ 'ഹീറ്റ് 2'വിൽ ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചു. "ഞാൻ ഉടൻ തന്നെ 'ഹീറ്റ് 2'വിനായി ചിക്കാഗോയിലേക്ക് മടങ്ങും" എന്നായിരുന്നു വെളിപ്പെടുത്തൽ.
2022ൽ മൈക്കൽ മാൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രം ഒരേസമയം ഒരു 'പ്രീക്വലും' 'സീക്വലും' ആണ്. അതായത്, ആദ്യ സിനിമയിലെ കഥാപാത്രങ്ങളുടെ മുൻകാല ജീവിതവും (1980-കൾ) ആദ്യ സിനിമയ്ക്ക് ശേഷമുള്ള സംഭവങ്ങളും (2000-കൾ) ഇതിൽ പ്രതിപാദിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോസ് ആഞ്ചലസ്, ചിക്കാഗോ, ലാസ് വെഗാസ്, സിംഗപ്പൂർ, പരാഗ്വേ എന്നിവിടങ്ങളിലായിരിക്കും പ്രധാന ചിത്രീകരണം.
170 മില്യൺ ഡോളർ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആമസോണിന്റെ കീഴിലുള്ള യുണൈറ്റഡ് ആർട്ടിസ്റ്റ്സ് ആണ് ഈ വലിയ പ്രോജക്ട് നിർമിക്കുന്നത്. ഡികാപ്രിയോയും ബെയ്‌ലും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമകളിൽ ഒന്നാണ്.