
ബോളിവുഡ് താര സുന്ദരി ശിൽപ ഷെട്ടിക്കും, സഹോദരി ഷമിതാ ഷെട്ടിക്കും, അമ്മയായ സുനന്ദാ ഷെട്ടിയ്ക്കും ലോൺ തുക തിരിച്ചടയ്ക്കാത്തതിന് നോട്ടിസ് അയച്ച് അന്ധേരി കോടതി. 21 ലക്ഷത്തോളം വരുന്ന ലോൺ തുക തിരിച്ചടയ്ക്കാതിരുന്നതിനാലാണ് ശിൽപ ഷെട്ടിക്കും കുടുംബത്തിനും അന്ധേരി കോടതി സമൻസ് അയച്ചത്.
21 ലക്ഷം രൂപ വായ്പ തിരിച്ചടച്ചില്ലെന്നാരോപിച്ച് വ്യവസായി പർഹദ് അമ്ര ജുഹു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കോടതി നടപടി. മൂന്ന് പേരും ഫെബ്രുവരി 28ന് ഹാജരാകാൻ കോടതി നോട്ടീസിൽ ഉത്തരവിട്ടിട്ടുണ്ട്.
ശിൽപ ഷെട്ടി, സഹോദരി ഷമിത, അമ്മ സുനന്ദ എന്നിവർ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ശിൽപയുടെ പിതാവ് സുരേന്ദ്ര ഷെട്ടിയാണ് വായ്പയെടുത്തതെന്നും പരാതിയിൽ പറയുന്നു. 2015ൽ സുരേന്ദ്ര ഷെട്ടി ഈ തുക കടമെടുത്തിരുന്നുവെന്നും, 2017 ജനുവരിയോടെ തിരിച്ചടയ്‌ക്കേണ്ടതായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ശിൽപയും ഷമിതയും അവരുടെ അമ്മയും വായ്പ തിരിച്ചടയ്ക്കാൻ വിസമ്മതിക്കുകയാണെന്നും ഓട്ടോമൊബൈൽ ഏജൻസി ഉടമ അമ്ര ജുഹു ആരോപിച്ചു.
ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട് സ്വർണ നിക്ഷേപ തട്ടിപ്പ് വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെയാണ്, ശിൽപ ഷെട്ടിയുടെ ലോൺ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ പുറത്തുവരുന്നത്. നേരത്തെ മറ്റൊരു പദ്ധതി തട്ടിപ്പിന്‍റെ പേരില്‍ രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.