ലോക ചാപ്റ്റര്‍ 1 : ചന്ദ്ര കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ മലയാള ചിത്രമാണ്. കേരളത്തിലെ നാടോടി കഥകള്‍ പുതിയ കാലഘട്ടം പശ്ചാത്തലമാക്കി പറയുന്ന സിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ കല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രത്തിന് പുറമെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ നാച്ചിയപ്പ ഗൗഡ എന്ന പൊലീസുകാരനെ അവതരിപ്പിച്ച സാന്‍ഡിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ കഥാപാത്രം ലോകയുടെ അടുത്ത ഭാഗങ്ങളിലും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സാന്‍ഡിയിപ്പോള്‍. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
"എനിക്ക് നിരവധി കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഞാന്‍ ആരാണെന്ന് അന്വേഷിക്കുകയാണ്. പക്ഷെ ജോലിത്തിരക്ക് കാരണം എനിക്ക് ഇതുവരെ ലോക കാണാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്", സാന്‍ഡി പറഞ്ഞു.
ലോക സാന്‍ഡിയുടെ ആദ്യ മലയാള ചിത്രമാണ്. എന്നാല്‍ ജയസൂര്യയുടെ കത്തനാര്‍ ആണ് ആദ്യമായി സാന്‍ഡി ചെയ്ത മലയാള ചിത്രം. എന്നാല്‍ ആദ്യം തിയേറ്ററിലെത്തിയത് ലോകയായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ലോക ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്ന് തോന്നിയിരുന്നുവെന്നും സാന്‍ഡി വ്യക്തമാക്കി.
"ലിയോയിലെ എന്റെ കഥാപാത്രം കണ്ടതിന് ശേഷമാണ് ലോകയിലേക്ക് എന്നെ വിളിക്കുന്നത്. ലോകയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ലിയോ കണ്ടിരുന്നു. എന്റെ വില്ലന്‍ കഥാപാത്രം അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് ലോകയിലേക്ക് എന്നെ വിളിക്കുന്നത്", എന്നും അദ്ദേഹം വെളിപ്പെടുത്തി.
"കഥാപാത്രത്തിന്റെ ആഴം എനിക്ക് മനസിലാക്കാന്‍ സാധിച്ചു. സംഭാഷണം പഠിക്കുന്നതും വളരെ എളുപ്പമായിരുന്നു. ഞാന്‍ എന്റെ അമ്മയുമായും മറ്റുള്ളവരുമായും സംസാരിക്കുന്നത് തമിഴിലാണ്. അപ്പോള്‍ തെറ്റുണ്ടെങ്കില്‍ അത് ശ്രദ്ധിക്കാന്‍ എനിക്ക് തന്നെ സാധിക്കും. മറ്റ് ഭാഷയാണെങ്കില്‍ നമ്മുടെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ നമുക്ക് മറ്റാരെങ്കിലും ആവശ്യമാണ്. പിന്നെ ഒരു വാമ്പയറിന് മരണമില്ല. അതുകൊണ്ടാണ് സിനിമയില്‍ എന്റെ ശരീരം ഒരു പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോകാ സിനിമകളില്‍ എന്റെ കഥാപാത്രം തിരിച്ചുവരാന്‍ 100 ശതമാനം സാധ്യതയുണ്ട്", സാന്‍ഡി കൂട്ടിച്ചേര്‍ത്തു.