
കൊച്ചി: പാന്‍ ഇന്ത്യന്‍ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടർന്ന് 'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാൻ്റെ വെയ്ഫറര്‍ ഫിലിംസാണ്. ഇതുവരെ ചിത്രത്തിന് പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, തുടരും എന്നിവ മാത്രമാണ് ഇപ്പോൾ ലോകയ്ക്ക് മുന്നിലുള്ള സിനിമകൾ.
175.6 കോടിയെന്ന റെക്കോർഡ് നേട്ടവുമായി എമ്പുരാൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ തരുൺ മൂർത്തി ചിത്രം തുടരും 69.25 കോടി നേടി രണ്ടാം സ്ഥാനം നിലനിർത്തി. ആടു ജീവിതത്തേയും മോഹൻലാലിൻ്റെ ലൂസിഫറിനെയും പിന്നിലാക്കാൻ ലോകയ്ക്ക് സാധിച്ചു. 64.10 കോടി നേടിയ ആടു ജീവിതം നാലാം സ്ഥാനത്തും, 55.40 കോടിയുമായി ലൂസിഫർ അഞ്ചാം സ്ഥാനത്തുമാണ്.
മോഹൻലാൽ ചിത്രത്തിന് പുറമെ ഒറ്റ ദിവസം കൊണ്ട് 20 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായാണ് കല്യാണിയുടെ ലോക ഇടം പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ.