
കൊച്ചി: ഇന്ത്യൻ ബോക്സോഫീസിലെ ആക്ഷൻ യുദ്ധത്തിൽ ടൈഗർ ഷ്രോഫിനെ പിന്നിലാക്കി ശിവകാർത്തികേയൻ. 'അമരന്' ശേഷം ശിവകാർത്തികേയൻ നായകനാകുന്ന 'മദരാസി' എന്ന ആക്ഷൻ ചിത്രം ആദ്യ ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയ കളക്ഷനിലാണ് 'ബാഗി 4'നെ തോൽപ്പിച്ചത്. സെപ്തംബർ 5ന് പുറത്തിറക്കിയ ചിത്രം 13 കോടി രൂപയുടെ കളക്ഷനുമായി ശക്തമായ തുടക്കമാണിട്ടത്. എ.ആർ. മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ശിവകാർത്തികേയൻ, രുക്മിണി വസന്ത് എന്നിവരെ കൂടാതെ വിദ്യുത് ജംവാൽ , ബിജു മേനോൻ, വിക്രാന്ത് സന്തോഷ്, മോനിഷ വിജയ്, പ്രേം കുമാർ, തലൈവാസൽ വിജയ്, ഋഷി ഋത്വിക്, ഷബീർ കല്ലറക്കൽ എന്നിവരും 'മദാരാസി'യിൽ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പവർ പാക്ക്ഡ് ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിൻ്റെ കൂടുതൽ ഊർജ്ജം പകരുന്നു. ഇത് ബോക്സോഫീസ് കളക്ഷനിലും പ്രതിഫലിച്ചു. വാരാന്ത്യത്തിലും കുതിപ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്നലെ തന്നെ റിലീസായ ടൈഗർ ഷ്രോഫിൻ്റെ ആക്ഷൻ ത്രില്ലർ ചിത്രം 'ബാഗി 4' 12 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും വാരിയത്. അനുഷ്ക ഷെട്ടിയുടെ 'ഘാട്ടി' ഏകദേശം രണ്ട് കോടി രൂപയുടെ കളക്ഷൻ നേടിയപ്പോൾ, വിവേക് അഗ്നിഹോത്രിയുടെ 'ദി ബംഗാൾ ഫയൽസ്' 1.75 കോടി രൂപ നേടി.
അതേസമയം, ഏറ്റവും വലിയ അത്ഭുതം ഹോളിവുഡിൽ നിന്നാണ് വന്നത്. 'ദി കോൺജൂറിംഗ്: ലാസ്റ്റ് റൈറ്റ്സ്' എന്ന ഇംഗ്ലീഷ് ഹൊറർ ചിത്രം വെള്ളിയാഴ്ച 18 കോടി രൂപയുടെ വമ്പൻ കളക്ഷൻ നേടി ചാർട്ടുകളിൽ ആധിപത്യം സ്ഥാപിച്ചു.