

ചെന്നൈ: വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി. സിനിമയുടെ റിലീസിന് അനുമതി നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്തു. സിനിമയ്ക്ക് ഉടന്‍ 'U/A' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു തമിഴ്‌നാട് ഹൈക്കോടതി ഉത്തരവ്.
ഇതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്‌റ്റേ വന്നിരിക്കുന്നത്. കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ജനുവരി 21 ലേക്ക് മാറ്റിവെച്ചു. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായി. പൊങ്കല്‍ റിലീസായി ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
സെൻസർ ബോർഡിന് വേണ്ടി വീഡിയോ കോൺഫെറെൻസ് വഴി ഹാജരായത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു. ജനനായകനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ഹാജരായത്.
സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയച്ച സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ജസ്റ്റിസ് പി.ടി. ആശയുടെ ഉത്തരവ്. ചെയര്‍മാന്റെ ഉത്തരവ് നിയമവിരുദ്ധമായതിനാല്‍, കോടതിയുടെ സഹജമായ അധികാരം ഉപയോഗിച്ച് ആ ഉത്തരവ് റദ്ദാക്കുന്നതായും കോടതി അറിയിച്ചു. ഈ നടിപടിയെ ചോദ്യം ചെയ്താണ് സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോയത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായക'ന്റെ റിലീസ് ഇന്ന് (ജനുവരി ഒന്‍പത്) ആണ് നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും ഇതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പാകാത്തതിനാലും സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. കെവിഎന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ ആണ് നിര്‍മാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം. വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജന നായക'ന്റെ പുതിയ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.