
കരണ്‍ ജോഹറിന്റെ ടീനേജ് ഡ്രാമ 'സ്റ്റുഡന്‍റ് ഓഫ് ദ ഇയർ' എന്ന സിനിമയിലൂടെയാണ് ആലിയ ഭട്ട് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായ നടി 'താര പുത്രി' എന്ന പേരില്‍ വലിയ തോതില്‍ വിമർശനങ്ങള്‍ നേരിട്ടിരുന്നു. പത്ത് വർഷത്തിലേറെ നീളുന്ന തന്റെ കരിയർ കൊണ്ടാണ് ആലിയ ആ വിമർശനങ്ങളെ മറികടന്നത്.
ഹൈവേ, കപൂർ & സൺസ്, ഉഡ്ത പഞ്ചാബ്, ഡിയർ സിന്ദഗി, റാസി, ഗല്ലി ബോയ്, ഡാർലിംഗ്സ്, ഗംഗുഭായ് കത്തിയാവാടി, റോക്കി ഔർ റാണി കീ പ്രേം കഹാനി തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ച ആലിയ ബോളിവുഡിലെ സമീപകാലത്തെ മികച്ച നടിമാരുടെ നിരയിലാണ് കണക്കാക്കപ്പെടുന്നത്. സിനിമയിലെ ആദ്യ പരാജയം നടിയെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നാണ് പിതാവ് മഹേഷ് ഭട്ട് പറയുന്നത്.
വികാസ് ബഹലിന്റെ 'ഷാൻദാർ' എന്ന ചിത്രത്തിന്റെ പരാജയം ആലിയയെ ഉലച്ചുകളഞ്ഞു എന്ന് പോഡ്‌കാസ്റ്ററും ടിവി അവതാരകനുമായ സിദ്ധാർത്ഥ് കണ്ണനോട് സംസാരിക്കവെ മഹേഷ് ഭട്ട് ഓർമ്മിച്ചു.
"ആലിയ ആദ്യമായി പരാജയം രുചിച്ചത് ഷാന്‍ദാറിലാണ്. ചില ഹിറ്റുകള്‍ക്ക് ശേഷമാണ് ആ ചിത്രം വരുന്നത്. അതുകൊണ്ട് തന്നെ അത് അവളെ അടിമുടി ഉലച്ചുകളഞ്ഞു. പുറത്ത് ഒരു പരക്കന്‍ പെണ്‍കുട്ടിയാണെങ്കിലും, പരാജയം പരാജയം ആണല്ലോ," മഹേഷ് ഭട്ട് പറഞ്ഞു.
രൺബീർ കപൂറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിമുഖത്തില്‍ മഹേഷ് ഭട്ട് പങ്കുവച്ചു. "സംയമനം പാലിക്കുന്ന", കുടുംബത്തെക്കുറിച്ച് ചിന്തയുള്ള വ്യക്തിയെന്നാണ് രണ്‍ബീറിനെ ഭട്ട് വിശേഷിപ്പിച്ചത്. മാതൃത്വത്തിനും കരിയറിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിച്ച ആലിയയെ പിതാവ് പ്രശംസിച്ചു.