കൊച്ചി: മേജർ രവി ഒരുക്കുന്ന ‘പഹൽഗാം – ഓപ്പറേഷൻ സിന്ദൂർ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം വിജയകരമായി പൂർത്തിയായതായി നിർമാതാക്കൾ അറിയിച്ചു.
പഹൽഗാം താഴ്വരയുടെ മനോഹര ദൃശ്യങ്ങള്‍ പകർത്തുന്ന മേജർ രവിയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ നിർമാതാക്കളായ പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. മേജർ രവിയും നിർമാതാവ് അനൂപ് മോഹനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങളെ മുന്‍നിർത്തിയാണ് സിനിമ ഒരുക്കുന്നത്. പ്രധാന ഔട്ട്ഡോർ സീനുകളാണ് ആദ്യ ഘട്ടത്തിൽ ചിത്രീകരിച്ചത്. അടുത്ത ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കും.
‘പഹൽഗാം – ഓപ്പറേഷൻ സിന്ദൂർ’ എന്ന സിനിമയുടെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോഡേഴ്സ് എന്നിങ്ങനെയുള്ള സൈനിക പശ്ചാത്തലത്തിലുള്ള സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ മേജർ രവി.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിങ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.