

കൊല്ലം: നടൻ ജയന്റെ മകനാണെന്ന് അവകാശപ്പെടുന്ന കൊല്ലം സ്വദേശി മുരളിക്ക് എതിരെ കുടുംബം. മുരളി സമൂഹ മാധ്യമങ്ങളിലൂടെ ജയന്റെ കുടുംബത്തെ അവഹേളിക്കുന്നു എന്ന് നടന്റെ സഹോദരപുത്രി ലക്ഷ്മി ആരോപിച്ചു. മുരളിയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മി ഇയാളെ ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും പരാതി നൽകുമെന്ന് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ജയന് ഇങ്ങനൊരു മകനില്ലെന്നും കുടുംബത്തെ മുരളി വേട്ടയാടുകയാണെന്നും ലക്ഷ്മി ആരോപിച്ചു. "അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്റെ വല്യച്ഛന്‍ നല്ല രീതിയിൽ ജീവിച്ച വ്യക്തിയാണ്. ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നവർക്കോ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെപ്പറ്റി നെഗറ്റീവ് ആയ അഭിപ്രായം ഉണ്ടായിരുന്നില്ല. മരിച്ച്, 45 വർഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ബോധപൂർവം കരിവാരിത്തേക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്," ലക്ഷ്മി പറഞ്ഞു.
"1999ൽ ആണ് എന്റെ അച്ഛൻ മരിക്കുന്നത്. 2000ല്‍ ആണ് ഇങ്ങനെ ഒരു അവകാശവാദവും കേസുമായി ഈ വ്യക്തി (മുരളി) വരുന്നത്. ഞങ്ങളും കോടതിയെ സമീപിച്ചു. കേസ് കോടതി തള്ളിക്കളയുകയായിരുന്നു. എന്റെ അച്ഛൻ ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെ ഒരു അവകാശവാദവുമായി അയാൾ വന്നിട്ടില്ല. അന്ന് ഇയാൾക്ക് മുപ്പത്തഞ്ചിന് അടുത്ത് വയസുണ്ട്. വീണ്ടും 25 വർഷങ്ങള്‍ക്ക് ശേഷം അയാൾ പ്രത്യക്ഷപ്പെടുകയാണ്. പ്രശസ്തിയാണ് വേണ്ടത് എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. ജയന്‍ എന്ന ബ്രാൻഡിനെ ഉപയോഗിക്കുകയാണ്. എന്റെ വല്യച്ഛന് മക്കളില്ല. അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ഞങ്ങളുണ്ട്," ലക്ഷ്മി പറഞ്ഞു.
അതേസമയം, അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്.1980 നവംബർ 16ന് 'കോളിളക്കം' എന്ന പി.എൻ. സുന്ദരം സിനിമയുടെ സെറ്റില്‍ ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ മരിക്കുന്നത്. മരിക്കുമ്പോൾ 41 വയസായിരുന്നു. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ് ചിത്രം ഉൾപ്പെടെ 116 സിനിമകളിൽ ജയൻ അഭിനയിച്ചു.