
മലയാള സിനിമയില്‍ ഉണ്ടായ അത്ഭുതകരമായ മാറ്റത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഒരു കാലത്ത് അഡള്‍ട്ട് കണ്ടന്‍റ് കുത്തിനിറച്ച് സ്ഥിരം സ്റ്റീരിയോടൈപ്പ് സിനിമകള്‍ മാത്രം നിര്‍മിച്ചിരുന്ന ഒരു ഇന്‍ഡസ്ട്രിയായിരുന്നു മലയാള സിനിമ. ഇന്ന് ആഗോളതലത്തില്‍ വരെ ചര്‍ച്ചയാകുന്ന സിനിമകള്‍ നിര്‍മിക്കുന്ന ശക്തികേന്ദ്രമായി മലയാള സിനിമ ഉയര്‍ന്നു വന്നിരിക്കുന്നുവെന്ന് രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍.ജി.വിയുടെ പ്രതികരണം.
'മലയാള സിനിമ എന്നാല്‍ സെക്സ് സിനിമകള്‍ എന്നറിയപ്പെടുന്ന കാലം ഉണ്ടായിരുന്നു. വിജയവാഡയില്‍ എഞ്ചിനിയറിങ് പഠിച്ചിരുന്ന കാലത്ത് ഞങ്ങള്‍ മലയാള സിനിമ കണ്ടിരുന്നില്ല, മറ്റ് ഏത് ഭാഷാ സിനിമകളെക്കാളും അഡള്‍ട്ട് കണ്ടന്‍റ് അതില്‍ ഉണ്ടായിരുന്നു എന്നതാണ് കാരണം. നല്ല സിനിമകള്‍ മലയാളത്തില്‍ അന്ന് ഉണ്ടായില്ല എന്നല്ല, ഒരു പക്ഷെ വിതരണക്കാര്‍ അത്തരം സിനിമകള്‍ മാത്രം കൊണ്ടുവന്നതുകൊണ്ടാകാം. ഇന്ന് മലയാളത്തില്‍ നിന്ന് മികച്ച സിനിമകള്‍ ഉണ്ടാകുന്നു' - ആര്‍.ജി.വി പറഞ്ഞു.
ഇന്ത്യന്‍ സിനിമ വ്യവസായം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. അപ്രതീക്ഷിതമായി സംഭവിച്ച തുടര്‍ച്ചയായ ഹിറ്റ് സിനിമകളാണ് ഇന്‍ഡസ്ട്രിയുടെ ഗതി തന്നെ മാറ്റിയത്. ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മിക്കാന്‍ അനുയോജ്യമായ ഇടമാണിതെന്ന് തെളിയിക്കാന്‍ ബാഹുബലിയുടെ വിജയം കൊണ്ട് സാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെലുങ്ക് താരങ്ങളായിരുന്ന പ്രഭാസും രാം ചരണും ബോളിവുഡ് താരങ്ങളെ പോലും മറകടന്ന് അഭൂതപൂര്‍വമായ സ്റ്റാര്‍ഡം നേടി. ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഇല്ലാതാകുകയും സിനിമയുടെ ഉള്ളടക്കം എല്ലാത്തിനും മുകളില്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് ഇന്ത്യന്‍ സിനിമയുടെ മാറ്റത്തിന്‍റെ തെളിവാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
ചലച്ചിത്ര നിര്‍മാണത്തില്‍ എത്ര വലിയ കുതിച്ചുചാട്ടം ഉണ്ടായാലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചിപറ്റുന്നതും അത് നിലനിര്‍ത്തുന്നതും കടുത്ത വെല്ലുവിളിയായി തുടരുമെന്ന് രാം ഗോപാല്‍ വര്‍മ മുന്നറിയിപ്പ് നല്‍കി. ഇപ്പോഴുള്ള സ്ഥിതി നിലനിര്‍ത്തണമെങ്കില്‍ അസാധാരണമായ ഉള്ളടക്കം സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും തുടരണമെന്നും അദ്ദേഹം നിരീക്ഷിച്ചു.
“ഒരു ചെറിയ സംസ്ഥാനത്ത് നിന്ന് വരുന്ന ഈ സിനിമകൾക്ക്, ഈ താരങ്ങൾക്ക് ബോളിവുഡ് താരങ്ങളേക്കാൾ വലിയ റീച്ച് നൽകാൻ കഴിഞ്ഞു. ലോകം ഇനി ദേശവും സംസ്ഥാനവും ഭാഷയും അല്ല. സമയമുണ്ടെങ്കിൽ എന്തും എവിടെവരെയും സഞ്ചരിക്കും. അത്തരത്തിലുള്ള ഒരു സിനിമ നിർമിച്ച് റിലീസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് ഉണ്ടാകണം. ഇന്ന്
ആർക്കും സിനിമയെടുക്കാം, എന്നാൽ കടലുപോലെയുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെടുക എന്നത് വെല്ലുവിളിയാണ്. കൂടുതൽ സിനിമകൾ നിർമിക്കപ്പെടും, എന്നാൽ പ്രൊജക്ടുകളുടെ എണ്ണം കാരണം കാഴ്ചക്കാരെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ പ്രശ്നം, ”- ആര്‍.ജി.വി
കൂട്ടിച്ചേർത്തു.