'പേട്രിയറ്റ്' - 18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിച്ച ചിത്രം. ഒപ്പം വലിയ ഒരു താരനിരയും. പക്ഷേ, ഈ മഹേഷ് നാരായണൻ ചിത്രത്തിൽ യഥാർഥ ഹീറോ ഇവരാരുമല്ല. പ്രമേയമാണ്.
'സി യു സൂൺ', 'അറിയിപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സർവൈലൻസ് തീമിൽ മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് 'പേട്രിയറ്റ്'. പെരിസ്കോപ് എന്നൊരു മിലിട്ടറി ഗ്രേഡ് സർവൈലൻസ് പ്രോഗ്രാമിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഒരു നാട്ടിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പൗരരുടെ സ്വകാര്യത ലംഘനങ്ങളുടെ കഥ. സ്മാർട്ട് ഫോണിലേക്ക് നുഴഞ്ഞുകയറുന്ന ഒരു സ്പൈവെയർ എങ്ങനെ വ്യക്തികളുടെ ജീവിതത്തെ നിരീക്ഷിക്കുകയും നിർണയിക്കുകയും ചെയ്യുന്നുവെന്ന് സിനിമ കാണിച്ചു തരുന്നു. ലോകത്തെ നോക്കാൻ നമ്മൾ കണ്ടെത്തിയ ജനാലകൾ, നമ്മളെ നോക്കാനുള്ള മാർഗമായി മാറിയെന്ന് മഹേഷ് നാരായണൻ മുന്നറിയിപ്പ് നൽകുകയാണ്. പക്ഷേ, അത് കാണിയെ ചലിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. ശക്തമായ ഒരു പ്രമേയത്തെ വഹിക്കാൻ സാധിക്കുന്ന കഥ സിനിമയിൽ ഇല്ലാതെപോകുന്നതാണ് ഈ സംശയത്തിന് കാരണം. നിർവികാരമാണ് സിനിമയുടെ ഏറിയ പങ്കും. കൊമേഷ്യൽ സിനിമകളുടെ വേഗത പരിചയിച്ചവർക്ക് പ്രമേയം വില്ലനാകുന്നത് ഇവിടെയാണ്.
ഒരു സോഷ്യോ - പൊളിറ്റിക്കൽ വിഷയത്തെ വലിയ താരനിരയുടെ അകമ്പടിയോടെ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. പെഗാസസ് സ്പൈവെയർ വിവാദം പോലെയുള്ള ചില നടന്ന സംഭവങ്ങളെ അത് നമ്മളെ ഓർമിപ്പിച്ചേക്കാം. മമ്മൂട്ടിയുടെ ഡാനിയൽ ജെയിംസ് എന്ന ഡിഫൻസ് റിസർച്ച് വിങ് ഉദ്യോഗസ്ഥനിലൂടെയാണ് നമ്മൾ സിനിമയിലേക്കും പെരിസ്കോപിലേക്കും കടക്കുന്നത്. ആ യാത്രയിൽ നമ്മൾ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, നയൻതാര, ദർശന എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലേക്ക് എത്തുന്നു. അവരും കൂടി ചേർന്നാണ് സംഭവങ്ങളുടെ മൊത്തം ചിത്രം നമുക്ക് നൽകുന്നത്. ഇവരെ എല്ലാവരേയും ബന്ധിപ്പിക്കുന്നത് ഈ സർവൈലൻസ് പ്രോഗ്രാം തന്നെ.
ഈ കൂട്ടത്തിൽ മോഹൻലാലിന്റെ പേര് വിട്ടുപോയതല്ല. മോഹൻലാലിന്റെ കഥാപാത്രം, കേണൽ റഹിം നായിക് ഈ സിനിമയിലേക്ക് കടന്നുവരുന്നത് കഥാപരമായ ഒരു വഴിത്തിരിവ് തന്നെയാണ്. എന്ന് കരുതി അതിന് സിനിമാറ്റിക് ഗിമ്മിക്കുകളുടെ അകമ്പടിയുണ്ടെന്ന് വിചാരിക്കരുത്. അത് ഈ കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല. കഥയിൽ തങ്ങൾക്ക് അനുവദിച്ച ഭാഗങ്ങളിലേക്ക് സ്വാഭാവികമായി കടന്നുവരുന്നവർ മാത്രമാണ് എല്ലാ താരങ്ങളും. അവരായി വലിയ ഒച്ചപ്പാടും ബഹളവും വയ്ക്കുന്നില്ല. അത് ഒരേസമയം സിനിമയ്ക്ക് അനുഗ്രഹവും ശാപവുമാണ്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമ്പോൾ മാസ് കൊമേഷ്യൽ സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്ന ഒരു ബ്ലാസ്റ്റ് ഇല്ലേ. ആ ബ്ലാസ്റ്റ് ഈ സിനിമയിൽ കാണാൻ പറ്റില്ല. കഥ അവരുടെ സ്റ്റാർഡത്തിന്റെ ഓറ ആവശ്യപ്പെടുന്നില്ല. അത് അംഗീകരിക്കാൻ വലിയ ഒരു വിഭാഗത്തിന് സാധിച്ചാൽ 'പേട്രിയറ്റ്' കൊണ്ടുവരുന്നത് വലിയ ഒരു മാറ്റമാണ്.
ഇങ്ങനെ ഒരു വിഷയം സിനിമയാക്കാൻ തിരഞ്ഞെടുത്ത, അതിലേക്ക് വലിയ ഒരു കാസ്റ്റിനെ കൊണ്ടുവന്ന മഹേഷ് നാരായണനും നിർമാതാവ് ആന്റോ ജോസഫും കയ്യടികൾ അർഹിക്കുന്നു. 'പേട്രിയറ്റി'ന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റുള്ളവരെ കൂടി എടുത്തുപറയണം. മനുഷ് നന്ദന്റെ ഫ്രെയിമുകൾ സിനിമയുടെ വലിയ കാൻവാസും പ്രമേയത്തിന്റെ സ്വഭാവവും ആശയവിനിമയം ചെയ്ത രീതി ഗംഭീരമാണ്. താരങ്ങളെ ബാലൻസ് ചെയ്യാനായി അദ്ദേഹമോ സംവിധായകനോ വീട്ടുവീഴ്ചകൾ ചെയ്തിട്ടില്ല. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ആ ഫ്രെയിമുകളെ വേണ്ടിടത്ത് വേണ്ടപോലെ ചേർത്തുവച്ചു. പശ്ചാത്തല സംഗീതത്തിൽ സുഷിൻ ശ്യാമും അതുതന്നെയാണ് ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും വേണ്ടിയാണ് സുഷിൻ ബിജിഎം ചെയ്തത്. അല്ലാതെ അഭിനേതാക്കൾക്ക് വേണ്ടിയല്ല.
'പേട്രിയറ്റ്' ഒരു നല്ല പരീക്ഷണമാണ്. വലിയ വിഷയങ്ങൾ, വലിയ സ്കെയിലിൽ, വമ്പൻ താരങ്ങളുടെ അകമ്പടിയോടെ മലയാളത്തിൽ അവതരിപ്പിക്കാൻ പറ്റും എന്ന് പറഞ്ഞുവയ്ക്കുകയാണ് മഹേഷ് നാരായണൻ. ബലമുള്ള ഒരു തിരക്കഥ കൂടിയുണ്ടായിരുന്നെങ്കിൽ ഈ സിനിമ പല മാമൂലുകളേയും തകർക്കുമായിരുന്നു. മാസ്, ക്ലാസ് എന്നിങ്ങനെ അഭിനേതാക്കളേയും സിനിമകളേയും തരംതിരിക്കുന്ന പതിവ് മാറുമായിരുന്നു. അത്തരത്തിലൊരു ബ്ലാസ്റ്റിനുള്ള 'മരുന്ന്' ഈ സിനിമയിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു!