"ബെഞ്ചിങ് ആകൃതി മാത്രമല്ല, ടോക്സിക് അധ്യാപകരും മാറണം"; 'സ്താനാർത്തി ശ്രീക്കുട്ടന്‍' സംവിധായകന്‍

നിലവിലുള്ള ഫ്രണ്ട് ബഞ്ചർ, ബാക്ക് ബഞ്ചർ ലേബലുകൾ പൊളിയുന്നത് നല്ലതാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുണ്ട്...
'സ്‌താനാർത്തി ശ്രീക്കുട്ടൻ' സംവിധായകന്‍ വിനേഷ് വിശ്വനാഥ്
'സ്‌താനാർത്തി ശ്രീക്കുട്ടൻ' സംവിധായകന്‍ വിനേഷ് വിശ്വനാഥ്Source: Facebook
Published on

കൊച്ചി: 'സ്‌താനാർത്തി ശ്രീക്കുട്ടൻ' എന്ന സിനിമയുടെ ഒടിടി റിലീസിന് ശേഷമുണ്ടായ ചർച്ചകള്‍ക്ക് പൊതു മറുപടിയുമായി സംവിധായകന്‍ വിനേഷ് വിശ്വനാഥ്. സ്കൂളുകളില്‍ 'യു ഷേപ്പ്' ആകൃതിയില്‍ സീറ്റുകള്‍ ക്രമീകരിച്ചാല്‍ അത്  തങ്ങൾ കാരണമുണ്ടായ മാറ്റം എന്ന് പറയുന്നതിനേക്കാളും വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ കൂടി കേട്ടറിഞ്ഞ് അതിനെയും പരിഹരിച്ചുകൊണ്ടുള്ള മാറ്റങ്ങൾ വരുന്നതിലാണ് സന്തോഷം എന്ന് വിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയെ കുറിച്ചുള്ള ചർച്ചകൾ എന്ത് തന്നെയായാലും (വിമർശനങ്ങൾ ഉൾപ്പെടെ) ആരോഗ്യകരമാണെന്നാണ് താൻ വിശ്വസിക്കുന്നത്. ഷേപ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴും നിലവിലുള്ള ഫ്രണ്ട് ബഞ്ചർ, ബാക്ക് ബഞ്ചർ ലേബലുകൾ പൊളിയുന്നത് നല്ലതാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുണ്ട്. അതു തന്നെയാണ് സിനിമ പറഞ്ഞതെന്നും വിനേഷ് പറയുന്നു.

'സ്‌താനാർത്തി ശ്രീക്കുട്ടൻ' സംവിധായകന്‍ വിനേഷ് വിശ്വനാഥ്
"തിയേറ്റര്‍ റിലീസ് സമയത്ത് വിജയിച്ചിരുന്നെങ്കില്‍ അത് വലിയ സംഭവമായേനെ"; സ്താനാര്‍ത്തി ശ്രീകുട്ടനെ കുറിച്ച് വിനേഷ് വിശ്വനാഥ്

സിനിമയില്‍ അജു വർഗീസ് അവതരിപ്പിച്ച 'സി.പി' യെ പോലെയുള്ള ടോക്സിക് അധ്യാപകർ മാറില്ലെന്നും അവരെ തിരിച്ചറിഞ്ഞ് തിരുത്തണമെന്നും വിനേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്താനാർത്തി ശ്രീക്കുട്ടന്റെ കാതലായ ആശയം അതാണ്. ബെഞ്ചിങ് ആകൃതിയോടൊപ്പം അധ്യാപന രീതികളും ചർച്ച ചെയ്യപ്പെടട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് വിനേഷ് വിശ്വനാഥിന്റെ കുറിപ്പ് അവസാനിക്കുന്നത്.

നേരത്തെ, കേരളത്തിലെ സ്കൂളുകളില്‍ 'യു ഷേപ്പ്' ബെഞ്ചിങ് രീതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. സ്കൂൾ ക്ലാസ് മുറികളിൽ നിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു. ഈ സങ്കൽപം വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇത് ' സ്താനാർത്തി ശ്രീക്കുട്ടന്റെ' എഫക്ടാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച.

വിനേഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരേ.

'സ്‌താനാർത്തി ശ്രീക്കുട്ടൻ' എന്ന സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷമുണ്ടായ ചർച്ചകളോടും മാറ്റങ്ങളോടും വിമർശനങ്ങളോടും സംവിധായകൻ എന്ന നിലയിലുള്ള പൊതു മറുപടിയാണ്.

സിനിമയുടെ ക്ളൈമാക്സിൽ കാണിച്ചിട്ടുള്ള U ഷേപ്പ് ബെഞ്ചിങ് രീതി മറ്റ്‌ പല സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ സ്‌കൂളുകൾ നടപ്പിലാക്കിയിരുന്നു. അതിനോടുള്ള അനുകൂലമായതും പ്രതികൂലമായതുമായ പ്രതികരണങ്ങൾ താല്പര്യത്തോടെ കേട്ടറിയുന്നുമുണ്ട്.

നടപ്പിലാക്കിയ സ്‌കൂളുകളിലെ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സന്തോഷ വർത്തമാനമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.

ഇതിനെ സംബന്ധിച്ചുള്ള ചർച്ചകൾ എന്ത് തന്നെയായാലും (വിമർശനങ്ങൾ ഉൾപ്പെടെ) Healthy ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഷേപ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴും നിലവിലുള്ള ഫ്രണ്ട് ബഞ്ചർ, ബാക്ക് ബഞ്ചർ ലേബലുകൾ പൊളിയുന്നത് നല്ലതാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുണ്ട്. അതു തന്നെയാണ് സിനിമ പറഞ്ഞതും.

സിനിമയിൽ അത് എന്ത് Context-ൽ സംഭവിക്കുന്നു എന്നത് കണ്ടറിയാൻ ഇനിയും സിനിമ കാണാത്തവരോട് അഭ്യർത്ഥിക്കുന്നു.(കുറഞ്ഞപക്ഷം ഈ ചർച്ച എങ്ങനെ ഉണ്ടായി എന്ന curiosity കൊണ്ടെങ്കിലും).

ഒരു ഏഴാം ക്ലാസുകാരൻ അവന്റെ ക്ലാസിൽ ഉണ്ടാവണം എന്ന് ആഗ്രഹിച്ച ഒരു മാറ്റം മാത്രമാണ് സിനിമയിൽ ഈ വിഷയം. എന്നാൽ ആ രീതി മാത്രമാണ് ശരി എന്ന് ഞങ്ങൾക്കും യാതൊരു അഭിപ്രായവുമില്ല. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഇതുപോലെ ഒരു ബെഞ്ചിങ് സിസ്റ്റത്തിൽ ഇരുന്ന് ഞാൻ പഠിച്ചിട്ടുള്ള ഓർമയിലാണ് സിനിമ എഴുതുന്നതുതന്നെ. അതായത് ഇത് ഞങ്ങളുടെ കണ്ടുപിടിത്തമാണെന്നൊന്നും ഒരു അവകാശവാദവും എവിടെയുമില്ല. ഉണ്ടായിരുന്നതിനെ ഒന്ന് ഓർമിപ്പിച്ചു എന്നുമാത്രം.

ശരിയായ ഒരു രീതി, അതെന്ത് തന്നെയായാലും- വരണം എന്ന് ഞാനും ആഗ്രഹിക്കുന്നു.

ഞങ്ങളുടെ സിനിമ കാരണം എല്ലാ സ്‌കൂളുകളിലും U ഷേപ്പ് ആകൃതി വന്നാൽ 'ഞങ്ങൾ കാരണമുണ്ടായ മാറ്റം' എന്ന് അഭിമാനത്തോടെയുള്ള പറച്ചിലിനെക്കാളും, വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ കൂടി കേട്ടറിഞ്ഞ് അതിനെയും പരിഹരിച്ചുകൊണ്ടുള്ള മാറ്റങ്ങൾ വരുന്നതാണ് ഞങ്ങൾക്ക് സന്തോഷം എന്നുകൂടി പറയട്ടെ.

ഇനി,

ഒരു ബെഞ്ചിങ് ആകൃതി മാറി എന്ന ഒറ്റ കാരണം കൊണ്ട് ശ്രീ.അജു വർഗീസ് അവതരിപ്പിച്ച 'സി.പി' യെ പോലെയുള്ള ടോക്സിക് അധ്യാപകർ മാറില്ല.തങ്ങൾക്ക് ഇഷ്ടമുള്ളവരെ മാത്രം കേന്ദ്രീകരിച്ച് പഠിപ്പിച്ച്, കുട്ടികളിൽ വേർതിരിവുകൾ സൃഷ്ടിക്കുന്ന സിപിമാർ തിരിച്ചറിയപ്പെടണം, തിരുത്തപ്പെടണം. അതാണ് ഞങ്ങളുടെ സിനിമയിലെ കാതലായ ആശയം.

നമ്മുടെ കുട്ടികൾക്ക് കേൾവിക്കാരുണ്ടാകട്ടെ. അവർ പ്രശ്നങ്ങൾ പങ്കുവെക്കുമ്പോൾ ഉപദേശ ക്ലാസും താരതമ്യപ്പെടുത്തലുകളും ഒഴിവാക്കി മുതിർന്നവർ അവരെ കേൾക്കട്ടെ. വേർതിരിവുകളും തരം തിരിക്കലുകളും ഇല്ലാതാകട്ടെ.

ബെഞ്ചിങ് ആകൃതിയോടൊപ്പം പ്രധാനമായും അധ്യാപന രീതികളും ചർച്ച ചെയ്യപ്പെടട്ടെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com