"തിയേറ്റര്‍ റിലീസ് സമയത്ത് വിജയിച്ചിരുന്നെങ്കില്‍ അത് വലിയ സംഭവമായേനെ"; സ്താനാര്‍ത്തി ശ്രീകുട്ടനെ കുറിച്ച് വിനേഷ് വിശ്വനാഥ്

ഇരിപ്പിടത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തിയെന്ന് ഞങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് ആകെ ഒന്‍പത് സ്‌കൂളുകളാണ്. അതില്‍ ഒരു സ്‌കൂള്‍ പഞ്ചാബില്‍ നിന്നാണ്.
Vinesh Viswanath
വിനേഷ് വിശ്വനാഥ്Source : News Malayalam 24x7
Published on

'സ്താനാര്‍ത്തി ശ്രീകുട്ടന്‍' എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി സ്‌കൂളുകള്‍ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ്. സ്‌കൂളുകളിലെ പരമ്പരാഗതമായ ഇരിപ്പിട രീതിയില്‍ നിന്ന് അര്‍ദ്ധവൃത്താകൃതിയിലുള്ള ഇരിപ്പിട ക്രമീരണത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തിന് ഈ കൊച്ചു സിനിമ കാരണമായിരിക്കുകയാണ്. തങ്ങളുടെ സിനിമ കൊണ്ട് ഇത്തരത്തിലൊരു മാറ്റം സമൂഹത്തില്‍ വന്നു എന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് സംവിധായകന്‍ വിനേഷ് വിശ്വനാഥ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. ഒന്നോ രണ്ടോ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ഒരു മാറ്റം വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പറഞ്ഞു.

ചെറുപ്പകാലത്തെ അനുഭവത്തില്‍ നിന്നുണ്ടായ സിനിമ

സ്‌കൂളുകളില്‍ സംഭവിക്കുന്ന ബാക്ക് ബെഞ്ചേഴ്‌സ്, ഫ്രണ്ട് ബഞ്ചേഴ്‌സ് എന്ന വ്യത്യാസത്തെ കുറിച്ച് പറയണം എന്ന് കരുതിയ നിര്‍മിച്ച സിനിമയല്ല സ്താനാര്‍ത്തി ശ്രീകുട്ടന്‍. ആദ്യം സിനിമയുടെ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നില്ല. ക്ലൈമാക്‌സിന് ഇത്രയും ഇംപാക്ട് ഉണ്ടാകണം എന്ന് കരുതി ചെയ്തതുമല്ല. അങ്ങനെ ചെയ്താല്‍ നല്ലതായിരിക്കും എന്ന ചിന്തയില്‍ നിന്ന് ഉണ്ടായതാണ്. സത്യത്തില്‍ ഇത് പഴയ ഡിപിഇപി സിസ്റ്റം ഉണ്ടായിരുന്ന സമയത്ത് മൂന്നാം ക്ലാസില്‍ ഞങ്ങള്‍ ഇരുന്ന് പഠിച്ച അതേ രീതി തന്നെയാണ്. ഞങ്ങളുടെ ചെറുപ്പക്കാലത്തു നിന്ന് തന്നെ എടുത്ത കാര്യമാണിത്. ഞങ്ങള്‍ സന്ദര്‍ശിച്ച ചില സ്‌കൂളുകളില്‍ ഈ ഒരു ഐഡിയ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പിന്നെ ഒരു ഏഴാം ക്ലാസുകാരന്‍ അവന്റെ സ്‌കൂളില്‍ വരുത്തുന്ന മാറ്റം എന്ന തരത്തില്‍ അത്രയും നിഷ്‌കളങ്കമായ രീതിയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. അതിന് ഇത്തരത്തില്‍ ഒരു സ്വീകാര്യത ലഭിക്കുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല.

കേരളത്തില്‍ മാത്രമല്ല പഞ്ചാബിലും മാറ്റം

ഇരിപ്പിടത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തിയെന്ന് ഞങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് ആകെ ഒന്‍പത് സ്‌കൂളുകളാണ്. ഔദ്യോഗികമായി ഞങ്ങളെ അറിയിക്കാത്ത ഒരുപാട് പേരുണ്ട് ഇനിയും. അതില്‍ ഒരു സ്‌കൂള്‍ പഞ്ചാബില്‍ നിന്നാണ്. ദേശീയ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതിന് പിന്നാലെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിന് ശേഷമാണ് തമിഴ്‌നാട്ടിലും സ്‌കൂളുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. അതുപോലെ തെലങ്കാനയിലും ഗുജറാത്തിലുമെല്ലാം ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. പക്ഷെ ഞങ്ങള്‍ക്ക് അത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Vinesh Viswanath
'മിസിസ് ആന്‍ഡ് മിസ്റ്ററില്‍' അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചെന്ന പരാതി; ഇളയരാജയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

കുട്ടികളെ കണ്ടത് തുല്യരായി

ശ്രീകുട്ടന്റെ ഭാഗത്തുനിന്ന് കഥ പറയുമ്പോള്‍ അമ്പാടി എന്ന കഥാപാത്രം ഒരിക്കലും നെഗറ്റീവ് ആകരുതെന്ന് ഞങ്ങള്‍ തുടക്കമുതലെ ചിന്തിച്ചിരുന്നു. പറയുന്ന കഥ ഒരാളുടെ ഭാഗത്തുനിന്ന് മാത്രമാണെങ്കില്‍ പിന്നെ നമ്മള്‍ എന്ത് രാഷ്ട്രീയം പറഞ്ഞിട്ടും അതുകൊണ്ട് സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടായിട്ടും കാര്യമില്ല. നമ്മള്‍ കഥാപാത്രങ്ങളായ കുട്ടികളെ തുല്യരായി കാത്തെടുത്തോളം നമുക്ക് ഇത് പറയാന്‍ ഒരു അധികാരവുമില്ല. അതുകൊണ്ട് ഞങ്ങള്‍ അമ്പാടി മറ്റൊരു കെ.ടി. മിറാഷ് ആവില്ലെന്നത് മനപൂര്‍വം എടുത്ത തീരുമാനമാണ്. സ്താനാര്‍ത്തി ശ്രീകുട്ടന്‍ കൃത്യമായ പ്രേക്ഷകരിലേക്ക് എത്തികഴിഞ്ഞാല്‍ സിനിമ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ നടക്കുന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്.

ചെറിയ ബജറ്റിലൊരുങ്ങിയ സിനിമ രാജ്യമൊട്ടാകെ മാറ്റമുണ്ടാക്കി

വളരെ ചെറിയ ബജറ്റില്‍ ചെയ്ത സ്താനാര്‍ത്തി ശ്രീകുട്ടന്‍ കാരണമാണ് രാജ്യമൊട്ടാകെ ഇംപാക്ട് ഉണ്ടായിരിക്കുന്നത്. ഇത് തിയേറ്റര്‍ റിലീസ് സമയത്ത് സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇപ്പോള്‍ കാണുന്ന ഇംപാക്ടിനേക്കാള്‍ വലിയൊരു ഇംപാക്ട് ഉണ്ടായേനെ. ഇപ്പോള്‍ ഉണ്ടായത് ചെറിയ കാര്യമാണെന്നല്ല പറഞ്ഞത്. ഇതുപോലെ നാളെയൊരു നിര്‍മാതാവിനോ സംവിധായകനോ സിനിമ എടുക്കാന്‍ തോന്നി കഴിഞ്ഞാല്‍ സ്താനാര്‍ത്തി ശ്രീകുട്ടന്‍ തിയേറ്ററില്‍ പരാജയപ്പെട്ടില്ലേ എന്നൊരു കാരണം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ കാരണം ഇല്ല. പക്ഷെ എല്ലാ സിനിമകള്‍ക്കും ഞങ്ങള്‍ക്ക് കിട്ടിയത് പോലൊരു പോസിബിളിറ്റി കിട്ടണമെന്നില്ല. അതിപ്പോള്‍ നമ്മളേക്കാള്‍ മികച്ച സിനിമകള്‍ ആണെങ്കില്‍ കൂടി. ഒരു നിര്‍മാതാവിന് ശരിക്കും ലാഭം ഉണ്ടാകുന്നത് തിയേറ്ററില്‍ നിന്നാണ്. അപ്പോള്‍ നല്ല സിനിമയാണെന്ന് അറിഞ്ഞിട്ടും അത് കണ്ടില്ലെന്നുണ്ടെങ്കില്‍ കുഞ്ഞ് സിനിമകള്‍ക്ക് ഇവിടെ അവസരം ഇല്ലാതാകും. തിയേറ്ററില്‍ വര്‍ക്കാവാത്ത സിനിമകള്‍ ഇപ്പോള്‍ ഒടിടിക്കും വേണ്ട. വലിയ സിനിമകള്‍ മാത്രമെന്നൊരു എക്കോസിസ്റ്റം ഉണ്ടാവില്ല. അതൊരു എക്കോസിസ്റ്റത്തിന്റെ രീതിയല്ല. ഇവിടെ സ്റ്റാര്‍ കാസ്റ്റുള്ള വലിയ ചിത്രങ്ങള്‍ മാത്രം മതിയെന്ന് പറഞ്ഞാല്‍ ഒരു സിനിമാ മേഖലയ്ക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ല. അപ്പോള്‍ കുഞ്ഞു സിനിമകളെയും സപ്പോര്‍ട്ട് ചെയ്യുക.

സ്താനാര്‍ത്തി ശ്രീകുട്ടനില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യം പെര്‍സീവറന്‍സാണ് പ്രധാനം എന്നതാണ്. ഡൗണ്‍ഫാളില്‍ നിന്നിട്ടാണ് ഈ ഇംപാക്ട് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് വിട്ട് കൊടുക്കാന്‍ പാടില്ല. തമിഴില്‍ ഒരു ചൊല്ലുണ്ട് 'വിടാമുയര്‍ച്ചി വിശ്വരൂപ വെട്രി' അത് തന്നെയാണ് പറയാനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com