

കൊച്ചി: ദീർഘകാലത്തിന് ശേഷം വീണ്ടും ഒരു മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയാണ്. സിനിമയുടെ പ്രാഥമിക ജോലികളും കൂടിയാലോചനകളും പുരോഗമിക്കുകയാണ്.
തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാകും ചിത്രം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ 'രണ്ടിടങ്ങഴി' സിനിമ ആക്കിയിരുന്നു. തകഴി തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
അടുത്തിടെ സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ സിനിമയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനമായതായാണ് സൂചന.
1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. പിന്നാലെ, മതിലുകൾ, വിധേയൻ, മതിലുകൾ എന്നീ ചിത്രങ്ങളിൽ അടൂരിന്റെ സംവിധാനത്തിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ തിരശീലയിലെത്തി. 'മതിലുകളി'ലെ വൈക്കം മുഹമ്മദ് ബഷീറും 'വിധേയനി'ലെ ഭാസ്കര പട്ടേലർ എന്ന ക്രൂരനായ ജന്‍മിയും മമ്മൂട്ടിയുടെ ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളാണ്. രണ്ട് കഥാപാത്രങ്ങളും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്തു.
'പിന്നെയും' ആണ് അവസാനമായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം. ദീലീപ്, കാവ്യാ മാധവൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ, പ്രേക്ഷക- നിരൂപക പ്രശംസ നേടാൻ ഈ സിനിമയ്ക്ക് സാധിച്ചില്ല.