

കൊച്ചി: രഞ്ജിത്ത് ഏറെ നാളുകൾക്ക് ശേഷം സംവിധായകന്റെ കുപ്പായത്തിൽ എത്തുന്നു എന്നത് തന്നെയായിരുന്നു 'ആരോ' എന്ന ഷോർട്ട് ഫിലിമിന്റെ പ്രധാന സവിശേഷത. നിർമാണ പങ്കാളിയായി മമ്മൂട്ടി കമ്പനി കൂടി എത്തിയതോടെ ഹ്രസ്വ ചിത്രത്തിലുള്ള പ്രതീക്ഷ ഏറി. എന്നാൽ റിലീസ് ദിനം തന്നെ 'ആരോ' ട്രോളുകളിൽ നിറഞ്ഞു.
മഞ്ജു വാര്യർ, ശ്യാമപ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓർമ, മൗനം, കാത്തിരിപ്പ് എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെയാണ് 'ആരോ' സഞ്ചരിക്കുന്നത്. എന്നാൽ, കഥ ഇക്കാലത്തിന് ചേരുന്നതല്ലെന്നും 'ബുജിപ്പടം' ആണെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്. അതിനാടകീയമായ സംഭാഷങ്ങൾ ട്രോളിനുള്ള വകയായി.
ഒറ്റപ്പെട്ട് ഒരു വീട്ടിൽ കഴിയുന്ന എഴുത്തുകാരനെന്ന് കാണികൾക്ക് തോന്നിയേക്കാവുന്ന കഥാപാത്രത്തെയാണ് ശ്യാമപ്രസാദ് അവതരിപ്പിക്കുന്നത്. ഇയാളുടെ ജീവതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സ്ത്രീ (മഞ്ജു വാര്യർ) കടന്നുവരുന്നതാണ് ഇതിവൃത്തം. എന്നാൽ പലർക്കും നടിയുടെ കഥാപാത്രത്തെ കൃത്യമായി മനസിലായില്ല. ഇതും ട്രോളിനുള്ള വകയായി. 'ആരോ' എന്ന പേര് 'ആരാ' എന്ന രീതിയിലാണ് ട്രോളന്മാർ രൂപം മാറ്റിയത്. എഴുത്തുകാരൻ വി.ആർ. സുധീഷാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും. സുധീഷ് എഴുതിയ വിപര്യയം എന്ന ചെറുകഥയാണ് ഹ്രസ്വ ചിത്രത്തിന് അടിസ്ഥാനം. ഈ കഥയുടെ പൂർണരൂപവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംവിധായകൻ രഞ്ജിത്താണ് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം വിമർശനം നേരിടുന്നത്. ദേവാസുരത്തിൽ നിന്ന് ഇതുവരെ പുറത്തുവന്നില്ലേ എന്നാണ് ഒരു ചോദ്യം. എന്താണ് ഈ ബുദ്ധി ജീവി ജാഡ എന്ന് ചോദിക്കുന്നവരും ഉണ്ട്.
അതേസമയം, ഹ്രസ്വ ചിത്രത്തെ അഭിനന്ദിക്കുന്നവരേയും ഒരു വശത്ത് കാണാം. 'ആരോ' വരുമെന്നുള്ള നേരിയ പ്രതീക്ഷ പോലും നമ്മുടെ ഉള്ളിൽ ചെറു പൂക്കാലങ്ങൾ സൃഷ്ടിക്കും എന്നാണ് ഒരു യൂട്യൂബ് യൂസറുടെ കമന്റ്. മഞ്ജുവിനെ ഏറ്റവും സുന്ദരിയായി അവതരിപ്പിച്ച പടമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്തായാലും 'ആരോ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.