

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'നായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഏപ്രിൽ 23നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അതിന് മുൻപ് ലോസ് ഏഞ്ചലസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി 'പേട്രിയറ്റ്' പ്രദർശിപ്പിക്കും.
ഏപ്രിൽ 23 മുതൽ 26 വരെയാണ് ലോസ് ഏഞ്ചലസ് ചലച്ചിത്ര മേള നടക്കുന്നത്. 18 ഹ്രസ്വ ചിത്രങ്ങളും രണ്ട് ഡോക്യുമെന്ററികളും ഏഴ് ഫീച്ചറുകളും ഉൾപ്പെടെ 27 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും ഇതിൽ ഉൾപ്പെടുന്നു. കൃതിക കമ്രയുടെ 'ദ ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി' ആണ് മേളയുടെ സമാപന ചിത്രം.
ഹൈ-വോൾട്ടേജ് സ്പൈ ത്രില്ലറാണ് 'പേട്രിയറ്റ്' എന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് 'പേട്രിയറ്റ്' ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്.