പോപ്പ് സംഗീത രാജാവ് മൈക്കിൾ ജാക്‌സന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമ 'മൈക്കിൾ'ന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നത്. രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച ചിത്രം 2026 ഏപ്രിൽ 24ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ട്രെയിനിംഗ് ഡേ, ദി ഇക്വലൈസർ തുടങ്ങിയ ചിത്രങ്ങൾ ചെയ്ത അന്റോയിൻ ഫുക്വയാണ് ചിത്രത്തിൻ്റെ സംവിധാനം. ജോൺ ലോഗനാണ് തിരക്കഥ.
ചിത്രത്തിൽ മൈക്കിൾ ജാക്സണായി വേഷമിടുന്നത് അദ്ദേഹത്തിൻ്റെ സഹോദരപുത്രൻ ജാഫർ ജാക്സണാണ്. ട്രെയിലറിലെ ജാക്‌സന്റെ ഐക്കോണിക് വസ്ത്രങ്ങളും സിഗ്നേച്ചർ സ്‌റ്റെപ്പുകളുമായെത്തിയ ജാഫറിനെ ഇതിനകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ജാഫർ ജാക്‌സൺ തന്റെ അമ്മാവനെ പോലെ തന്നെയാണെന്ന് പറഞ്ഞ് ഇതിനകം നിരവധി പ്രശംസകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇതിനകം മൈക്കിൾ ട്രെയിലർ യൂട്യൂബിൽ 1.7 മില്യണിലധികം വ്യൂസ് പിന്നിട്ടിട്ടുണ്ട്.
എന്നാൽ, വിവാദപരമായ സംഭവങ്ങളും അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങളുമൊന്നും സിനിമയിൽ ഇടംപിടിച്ചിട്ടില്ലെന്ന തരത്തിൽ വാർത്തകളുണ്ട്. പോപ്പ് രാജാവിന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളിലേക്ക് കടക്കാതിരിക്കാൻ സിനിമയ്ക്ക് കഴിയുമോ എന്ന തരത്തിലാണ് ചിത്രത്തിന് വിമർശനങ്ങൾ ഉയരുന്നത്. നേരത്തെ മൈക്കിൾ ജാക്സൻ്റെ മകൾ പാരിസ് സിനിമയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സിനിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച നിർമാതാക്കളിലൊരാളായ ഗ്രഹാം കിങ് പൂർണമായും ജാക്‌സനെ ശുദ്ധീകരിക്കാനല്ല ശ്രമമെന്ന് പറഞ്ഞു. ജാക്സനെതിരായ പീഡനാരോപണങ്ങളും തിരക്കഥയിൽ ഉൾപ്പെടുന്നുണ്ട്. ഏറ്റവും ആകർഷകവും പക്ഷപാതരഹിതവുമായി കഥ അവതരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹത്തെ ശുദ്ധീകരിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.