ഇച്ചാക്കയ്ക്ക് ലാലുവിന്റെ പൊന്‍മുത്തം; ബാക്കി ഈ ചിത്രം പറയും

മലയാളി കഴിഞ്ഞ മണിക്കൂറുകളില്‍ ഇത്രകണ്ട് ആഘോഷിച്ച ഒരു വാർത്ത വേറെയില്ല
ഇച്ചാക്കയ്ക്ക് ലാലുവിന്റെ പൊന്‍മുത്തം; ബാക്കി ഈ ചിത്രം പറയും
Published on

കൊച്ചി: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി മമ്മൂട്ടി അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നു. മലയാളി കഴിഞ്ഞ മണിക്കൂറുകളില്‍ ഇത്രകണ്ട് ആഘോഷിച്ച ഒരു വാർത്ത വേറെയില്ല. ഈ സന്തോഷം ഇരട്ടിപ്പിക്കുകയാണ് മോഹന്‍ലാല്‍, ഒരൊറ്റ ചിത്രം കൊണ്ട്.

മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ വയ്ക്കുന്ന ലാല്‍. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ ചിത്രത്തിന് ദശാബ്ദങ്ങളോളം മലയാള സിനിമയുടെ നിലവാരം ഉയർത്തിയ രണ്ട് പ്രതിഭകളുടെ സൗഹൃദത്തിന്റെ കഥ കൂടി പറയാനുണ്ട്.

മമ്മൂട്ടിയുടെ ആരോഗ്യനില മോശമാണ് എന്ന വാർത്തകള്‍ വന്നതിന് പിന്നാലെ ഇരുമുടിക്കെട്ട് എടുത്ത് മല കയറുന്ന ലാലിനെ നമ്മള്‍ കണ്ടതാണ്. എമ്പുരാന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനോട് അടുക്കുമ്പോഴുള്ള ഈ ശബരിമല ദർശനം സിനിമയ്ക്ക് വേണ്ടി ആയിരുന്നില്ല. ലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് വേണ്ടിയായിരുന്നു.

ഇച്ചാക്കയ്ക്ക് ലാലുവിന്റെ പൊന്‍മുത്തം; ബാക്കി ഈ ചിത്രം പറയും
എമ്പുരാനുവേണ്ടിയല്ല, ലാലു മല കയറിയത് സ്വന്തം ഇച്ചാക്കയ്ക്കുവേണ്ടി

വിശാഖം നക്ഷത്രക്കാരന്‍ മുഹമ്മദ് കുട്ടിക്ക് ലാല്‍ ഉഷപൂജ നേർന്നു. പൂർണ ആരോഗ്യവാനായി ആ മഹാനടന്റെ തിരിച്ചുവരവിനായി മോഹന്‍ലാലിനൊപ്പം മലയാളികള്‍ ഒന്നാകെ തങ്ങളുടേതായ രീതികളില്‍ പ്രാർത്ഥിച്ചു. ഒടുവില്‍ ഇതാ രോഗത്തിന്റെ വെല്ലുവിളികളെ മറികടന്ന് അഭ്രപാളിയില്‍ പുതിയ രൂപഭാവങ്ങള്‍ അണിയാന്‍ മമ്മൂട്ടി തിരിച്ചെത്തുന്നു.

"ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി," എന്ന നിർമാതാവ് ആൻ്റോ ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാർത്ത മലയാളികളിലേക്ക് എത്തിയത്. പിന്നാലെ മമ്മൂട്ടിയുടെ സ്വന്തം ജോർജിന്റെ പോസ്റ്റും വന്നു.

"സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും,

കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!," ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇച്ചാക്കയ്ക്ക് ലാലുവിന്റെ പൊന്‍മുത്തം; ബാക്കി ഈ ചിത്രം പറയും
മമ്മൂക്ക ഈസ് ബാക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് നിർമാതാവ് ആൻ്റോ ജോസഫ്

കളങ്കാവലാണ് അടുത്തതായി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഉണ്ടാകും. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി രോഗബാധിതനാകുന്നതും സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുക്കുന്നതും. വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com