കൊച്ചി: 'ദ്യശ്യം 3' ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്. 'ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
2013 ഡിസംബർ 19 ന് ആണ് 'ദൃശ്യം' മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നുവിത്. 75 കോടി രൂപയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷൻ. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ വൻ തുകയ്ക്ക് പനോരമാ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. 350 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി 'ദൃശ്യം 3' ഒക്ടോബർ രണ്ടിനാകും തിയേറ്ററുകളിലേക്ക് എത്തുക. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലറിൽ അജയ് ദേവ്ഗണിനൊപ്പം തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പനോരമ സ്റ്റുഡിയോസ് ആണ് നിർമാണം. 'ദൃശ്യം' ഹിന്ദി റീമേക്കിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെ നിർമാതാക്കളും പനോരമ ആണ്.