

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ 'തുടക്ക'ത്തിന് ശേഷം ഒരു മോഹൻലാൽ ചിത്രവുമായിട്ടാണ് ജൂഡ് ആന്തണി ജോസഫ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. വലിയ ആവേശത്തോടെയാണ് ഈ വാർത്ത ആരാധകർ ഏറ്റെടുത്തത്. L370 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമിക്കുന്നത്.
'തുടരും' എന്ന സൂപ്പർ ഹിറ്റിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന 'അതിമനോഹര'ത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന മോഹൻലാൽ ചിത്രമാണിത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും. സിനിമയെപ്പറ്റി കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഓപ്പറേഷൻ ഗംഗ'യുടെ ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചു. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.
മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുക്കുന്നത്.