കൊച്ചി: സച്ചിയുടെ ശക്തമായ തിരക്കഥയിൽ ജോഷി ഒരുക്കിയ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' വീണ്ടും തിയേറ്ററുകളിലേക്ക്. അമല പോളായിരുന്നു സിനിമയിലെ നായിക. മാധ്യമ രംഗം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വലിയ വിജയമായിരുന്നു.
13 വർഷങ്ങൾക്കു ശേഷം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് 4K അറ്റ്‌മോസിലാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലിൻ ജലീൽ നിർമിച്ച ചിത്രം പുത്തൻ ദൃശ്യമികവിൽ കാണികളിലേക്ക് എത്തിക്കുന്നത് റോഷിക എന്റർപ്രൈസസ് ആണ്.
മാധ്യമ പ്രവർത്തന ലോകത്തെ ഉദ്വേഗം നിറഞ്ഞ കഥ രസാവഹമായി അവതരിപ്പിച്ച ചിത്രമാണ് 'റൺ ബേബി റൺ'. 2012 ഓഗസ്റ്റ് 29ന് ആണ് 'റൺ ബെബി റൺ' പ്രേക്ഷകരിലേക്ക് എത്തിയത്. ഈ വർഷത്തെ ആദ്യ റീ റിലീസ് ചിത്രം കൂടിയാണിത്.
ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ. രതീഷ് വേഗ ആണ് സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഇതിൽ മോഹൻലാൽ ആലപിച്ച 'ആറ്റുമണൽ പായയിൽ' എന്ന പ്രണയഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, 'വൃഷഭ'യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. വമ്പൻ ബജറ്റിൽ ഒരുക്കിയ സിനിമയ്ക്ക് വലിയ കളക്ഷനോ അഭിപ്രായമോ നേടിയെടുക്കാൻ സാധിച്ചില്ല.