
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 3'യുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളിലും ജോർജ് കുട്ടിയും കുടുംബവും തീന്‍മേശയ്ക്ക് ചുറ്റുമിരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം സംവിധായകന്‍ തന്നെയാണ് 'ദൃശ്യം 3'യിലെയും സമാനമായ ഫ്രെയിം പങ്കുവച്ചത്.
മൂന്ന് ഫ്രയിമുകളെയും താരതമ്യപ്പെടുത്തി അടുത്ത ഭാഗത്തിലേക്കുള്ള സൂചനകള്‍ തിരയുകയാണ് 'ദൃശ്യം' ഫാന്‍സ്. ആദ്യ ഭാഗത്തില്‍ നിന്ന് മേശയും കസേരയും ആ മുറിയും ആകെ മാറിയതായി കാണാം. എന്നാല്‍ പുതിയ ഫ്രെയിമില്‍ ദൃശ്യം 2ല്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ. എന്നാല്‍, ജോർജ് കുട്ടിയും കുടുംബവും വീണ്ടും കുരുക്കിലായെന്നും അവർ എന്തോ പ്ലാനിങ്ങിലാണെന്നുമാണ് സോഷ്യല്‍ മീഡിയ ഈ ചിത്രത്തില്‍ നിന്ന് വായിച്ചെടുത്തത്.
ഈ മാസം 22ന് ആണ് 'ദൃശ്യം 3'യുടെ ഷൂട്ടിങ് ആരംഭിച്ചത്. പൂത്തോട്ട ലോ കോളേജിൽ ആയിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. 55 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. 'ദൃശ്യം 3' ഇമോഷണല്‍ സിനിമയാകും എന്നും അമിത പ്രതീക്ഷ വേണ്ടെന്നുമാണ് പൂജാ ചടങ്ങില്‍ ജീത്തു ജോസഫ് പറഞ്ഞത്.
എന്നാല്‍, മലയാളത്തിന്റെ അഭിമാനമായി മാറിയ ഈ മിസ്റ്ററി ത്രില്ലർ സിനിമാ സീരിസില്‍ പ്രേക്ഷകർക്ക് ഇപ്പോഴും അമിത പ്രതീക്ഷ തന്നെയാണുള്ളത്. "ഇത്തവണയും ജോർജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കാതിരിക്കില്ല," എന്ന മോഹന്‍ലാലിന്റെ പ്രതികരണം സിനിമയുടെ ഹൈപ്പ് വലിയ തോതില്‍ ഉയർത്തിയിട്ടുണ്ട്.