

'ദൃശ്യം 3' ഒരു ഇമോഷണൽ ഫാമിലി സ്റ്റോറിയാകും എന്ന് ജീത്തു ജോസഫ് ഒരു ട്വിസ്റ്റിന് വേണ്ടി പറഞ്ഞതല്ല. ജോർജുകുട്ടി എന്ന നാലാം ക്ലാസുകാരന്റെ തലച്ചോറിനേക്കാൾ മനസിനാണ് ഈ സിനിമ പ്രാധാന്യം നൽകുന്നത്. അയാളുടെ വൈകാരിക പരിസരങ്ങളിലാണ് ഇത്തവണ കഥ നടക്കുന്നത്. ആ കഥാപാത്രത്തിന്റെ അപ്രതീക്ഷിത നീക്കങ്ങൾ പ്രതീക്ഷിച്ച് വരുന്ന പ്രേക്ഷകരോട് ഇത്തരത്തിൽ ഒരു കഥ പറയാൻ അപാര ധൈര്യം വേണം. ജീത്തു ജോസഫ് ആ ധൈര്യം കാട്ടി. മോഹൻലാൽ എന്ന നടന് ജോർജുകുട്ടിയിലെ ഉള്ളൊഴുക്കുകൾ വിജയകരമായി പ്രകാശിപ്പിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസമാകണം അതിന് ഒരു കാരണം.
ആരാണ് ഈ ജോർജുകുട്ടി? പേരിനൊപ്പം ചേർക്കാൻ അയാൾക്ക് വലിയ കുടുംബപ്പേരില്ല. ഒരു അനാഥൻ. അയാളുടേത് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയ ഒരു ചെറിയ ലോകമാണ്. അവിടേക്കാണ് വരുൺ പ്രഭാകർ എന്ന ക്ഷണിക്കപ്പെടാത്ത അതിഥി വരുന്നതും അവരുടെ ജീവിതം താറുമാറാകുന്നതും. 'ദൃശ്യം' ആദ്യ രണ്ട് ഭാഗങ്ങളിലും നമ്മൾ കണ്ടത് വരുൺ കൊലപാതകവുമായി ജോർജുകുട്ടിയേയും കുടുംബത്തേയും ബന്ധിപ്പിക്കാൻ പൊലീസും ആ ചെറുപ്പക്കാരന്റെ മാതാപിതാക്കളും നടത്തുന്ന ശ്രമങ്ങളും ജോർജുകുട്ടിയുടെ ബുദ്ധിപരമായ പ്രതിരോധങ്ങളുമാണ്. അയാൾ നിയമത്തിന്റെ കണ്ണിൽ നിന്ന് ഒരു ക്രൈം വിദഗ്ധമായി മറയ്ക്കുന്നു. പക്ഷേ ആ കുറ്റം അവിടെ നിലനിൽക്കുന്നു. വലിയ ഒരു രഹസ്യം അയാളോട് കൂടി മണ്ണടിയാൻ കാത്തുകിടക്കുന്നു. അവിടെയാണ് 'ദൃശ്യം 3' ഉണ്ടാകുന്നത്.
ഇതുവരെ നമ്മൾ കണ്ട ജോർജുകുട്ടിയെ അല്ല ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക. അയാളും കുടുംബവും പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. പുതിയ മേഖല, പുതിയ ബന്ധങ്ങൾ, പുതിയ ജീവിത സാഹചര്യങ്ങൾ. പക്ഷേ, ഭയം അയാളെ വിട്ടുപോകുന്നില്ല. അത് മറച്ചുവയ്ക്കാനും അയാൾക്ക് സാധിക്കുന്നില്ല. സ്വയം ഒരു ക്രിമിനൽ ആയി മാറുകയാണോ എന്ന ഭയം. തന്റെ മക്കളും അങ്ങനെ വിചാരിക്കുമോ എന്ന പേടി അയാളെ അസ്വസ്ഥനാക്കുന്നു. ആ അസ്വസ്ഥതയ്ക്ക് കാരണമാകുന്ന ചില സംഭവങ്ങൾ അയാളുടെ ജീവിതത്തിൽ നടക്കുന്നു. പുതിയ ചില മുഖങ്ങളുടെ കടന്നുവരവ്, പഴയ ചില മുഖങ്ങളുടെ തിരിച്ചുവരവ്. ജോർജുകുട്ടി കെണി മണക്കുന്നു. പക്ഷേ അത് വച്ചതാരെന്ന് അയാൾക്ക് മനസിലാകുന്നില്ല.
'ദൃശ്യം' ആദ്യ ഭാഗത്തിലെ ഒരു രംഗം ഓർമയില്ലേ? ആ ക്ലാസിക് സീൻ. 'കള്ളത്തരമുണ്ടെങ്കിൽ ജോർജുകുട്ടി തിരിഞ്ഞുനോക്കും' എന്ന് കോൺസ്റ്റബിൾ സഹദേവൻ പറയുന്ന ഭാഗം. അന്ന് ജോർജുകുട്ടി തിരിഞ്ഞുനോക്കിയില്ല. ആരാണ് പുറകിലെന്ന് അയാൾക്ക് അറിയാമായിരുന്നു. പക്ഷേ മൂന്നാം ഭാഗത്തിൽ അയാൾ ഇരുട്ടിലാകുന്നു. ആരൊക്കെയാണ് പിന്നിലെന്ന് ജോർജുകുട്ടിക്ക് മനസിലാകുന്നില്ല.
ജോർജുകുട്ടിയുടെ ഈ മാനസിക പിരിമുറുക്കം അനായാസമായി മോഹൻലാൽ അവതരിപ്പിക്കുന്നുണ്ട്. അതുവരെ പ്രേക്ഷകനിൽ നിന്ന് ജോർജുകുട്ടി മറച്ചുവച്ച അപകടഭീതി നടന്റെ ചെറിയ ചില നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയുമാണ് പുറത്തുവരുന്നത്. അല്ലാതെ, നെടുനീളൻ ഡയലോഗുകളിലൂടെയല്ല. മോഹൻലാൽ ഈ കഥാപാത്രത്തെ എത്രമാത്രം ആഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ടെന്ന് ക്ലൈമാക്സിനോട് അടുക്കുമ്പോൾ നമുക്ക് അക്ഷരാർഥത്തിൽ ബോധ്യപ്പെടും. അതുപോലെ ഈ ഫ്രാഞ്ചൈസിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന ജീത്തു ജോസഫിനുള്ള ധാരണയും.
ഫ്രെയിമുകളിൽ ബ്രില്യൻസുകൾ ഒളിപ്പിച്ചുവച്ചല്ല ജീത്തു ജോസഫിന്റെ കഥപറച്ചിൽ. തിരക്കഥയാണ് അടിസ്ഥാനം. അതിൽ പല കയറ്റിറക്കങ്ങൾ കാണാം. ചില ഭാഗങ്ങൾ അതിനാടകീയം തന്നെയാണ്. ചില വൈകാരിക മുഹൂർത്തങ്ങളെ അഭിനേതാക്കളാണ് രക്ഷപ്പെടുത്തിയെടുക്കുന്നത്. മോഹൻലാൽ മാത്രമല്ല, ഭൂതകാലത്തിൽ നിന്ന് ജോർജുകുട്ടിയെ തേടിയെത്തുന്നവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 'He is a classic criminal' എന്ന് പറയാനും, കേഴാനുമല്ല അവരുടെ വരവ്.
ഇനി 'ട്വിസ്റ്റ്' ആഗ്രഹിച്ച് 'ദൃശ്യം 3' കാണാൻ ആഗ്രഹിക്കുന്നവരോട്. രണ്ടാം പകുതി നിങ്ങൾക്കുള്ളതാണ്. അത് നിങ്ങളുടെ രോമകൂപങ്ങളെ എഴുന്നേൽപ്പിച്ചു നിർത്തും എന്നുപറയുന്നില്ല. ചില അപ്രതീക്ഷിത സംഭവങ്ങൾ സെക്കൻഡ് ഹാഫിൽ നടക്കുന്നുണ്ട്. പക്ഷേ ഈ ട്വിസ്റ്റിലും പ്രധാനം, ആ സംഭവങ്ങളോടുള്ള ജോർജുകുട്ടിയുടെ പ്രതികരണമാണ്. ആ പ്രതികരണമാണ്, 'ദൃശ്യം 3'യുടെ കാതൽ.