"ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസുണ്ടായിരുന്ന കുഞ്ഞ്, ഇന്ന് 33 വയസുള്ള യുവാവാണ്"; കുറിപ്പുമായി പ്രിയദർശൻ

മലയാളത്തിലെ എവർഗ്രീൻ ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ 4K ദൃശ്യമികവിൽ തിയേറ്ററുകളിലേക്ക് എത്തുന്നു
പ്രിയദർശൻ, 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ്
പ്രിയദർശൻ, 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ്
Published on: 
Updated on: 

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാള സിനിമയിലെ എവർഗ്രീൻ ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ എട്ടിന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. മലയാളി പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെയും അവരുടെ രസകരമായ ലോകത്തെയും വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ചിത്രത്തിന്റെ റീ-റിലീസ്. സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്ന പശ്ചാത്തലത്തിൽ മനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയദർശൻ.

പ്രിയദർശന്റെ കുറിപ്പ്:

ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്‌, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'. രണ്ട് ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ.

മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.

എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്‌. ഒക്ടോബർ എട്ടിന് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ.

പ്രിയദർശൻ, 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ്
'ആൺ' ഗർവിൽ വാഴുന്നവരുടെ കരണത്തേറ്റ അടി! 'ഡൊറോത്തി' റിവ്യൂ | DOROTHY REVIEW

മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തേന്മാവിൻ കൊമ്പത്ത്’ പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും സംഗീതവും സമന്വയിപ്പിച്ചാണ് ഒരുക്കിയത്. 1994 മെയ് 13നാണ് ചിത്രം ആദ്യമായി തിയേറ്ററുകളിലെത്തിയത്. മികച്ച ദൃശ്യഭംഗിക്കും സാങ്കേതിക മികവിനും ദേശീയ, സംസ്ഥാന തലങ്ങളിൽ അംഗീകാരങ്ങൾ നേടിയ ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’. ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും കലാസംവിധാനത്തിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ചിത്രത്തിലെ ബേണി-ഇഗ്നേഷ്യസ് സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ഇന്നും പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയമാണ്.

മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, നന്ദു, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രചന, സംവിധാനം: പ്രിയദർശൻ, നിർമ്മാതാവ്, എഡിറ്റിംഗ്: എൻ. ഗോപാലകൃഷ്ണൻ, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണി-ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ് , കലാസംവിധാനം: സാബു സിറിൽ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, ഡിജിറ്റൽ മാർക്കറ്റിംഗ് : ഉണ്ണി രാജേന്ദ്രൻ, പിആർഓ: ഐശ്വര്യ രാജ്.

News Malayalam 24x7
newsmalayalam.com