

'ജയിലർ' സിനിമയുടെ റിലീസ് ദിനം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകൻ ഈ ജീവിതകാലം മറക്കാനിടയില്ല. ആ സിനിമയുടെ ബോക്സ് ഓഫീസ് വിധിയെഴുത്തിലായിരുന്നു അയാളുടെ കരിയർ മുഴുവൻ തൂങ്ങിയാടിക്കൊണ്ടിരുന്നത്. വിജയ് ചിത്രം 'ബീസ്റ്റി'ന്റെ പരാജയം അത്രകണ്ട് അയാളിലെ സംവിധായകനെ ബാധിച്ചിരുന്നു. രജനികാന്ത് ചിത്രം കൂടി പരാജയമായാൽ...നെൽസൺ അങ്ങനെ തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല. അയാൾ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. തലൈവർ ദർശനത്തിനായി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് എത്തിയവർ അക്ഷരാർഥത്തിൽ ഞെട്ടി. സൂപ്പർ സ്റ്റാറിനെ കൊണ്ടാടാൻ എത്തിയവർ അതിഥിവേഷങ്ങളിൽ എത്തിയ മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരുടെ മാസിൽ മയങ്ങി. വിനായകന്റെ വില്ലനെ മതിമറന്ന് ആസ്വദിച്ചു. നെൽസൺ സ്റ്റൈൽ ഓഫ് ഫിലിം മേക്കിങ്ങിൽ തലൈവരുടെ സ്വാഗ് ആഘോഷമാകുന്നതിന് സാക്ഷികളായി. 'ജയിലർ' ഹിറ്റ്..സൂപ്പർ ഹിറ്റ്... അല്ല ബ്ലോക്ക്ബസ്റ്റർ ഹിറ്റ്!
നിർത്തിയിടത്ത് നിന്ന് വീണ്ടും തുടങ്ങുകയാണ് നെൽസൺ - 'ജയിലർ 2'. ആദ്യ ഭാഗത്തിന്റെ ഫോർമുല ആവർത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നതെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തം. അതിഥി താരങ്ങളുണ്ട്, മാസ് വില്ലന്മാരുണ്ട്, അനിരുദ്ധിന്റെ ഹൈ വോൾട്ടേജ് പാട്ടുകളും ബിജിഎമ്മുണ്ട്, തമാശയുണ്ട്, പതിവ് 'ബ്രേക്കിങ് ബാഡ്' റെഫറൻസുകളുണ്ട്, തലൈവരുടെ ടൈഗർ മുത്തുവേൽ പാണ്ഡ്യന് ഒരു മിഷനുമുണ്ട്. ഇതിൽ ടൈഗറിന്റെ മിഷനിലേക്ക് ആദ്യം വരാം.
തനിക്ക് പുറകിൽ ഒരു വലിയ നെറ്റ്വർക്കുണ്ടെന്ന് വിനായകന്റെ വർമൻ എന്ന കഥാപാത്രം 'ജയിലറി'ൽ പറയുന്നുണ്ട്. ആ പെരിയ നെറ്റ്വർക്കിന് പുറകെയാണ് മുത്തുവേൽ പാണ്ഡ്യൻ. അല്ലെങ്കിൽ, അവർ അയാൾക്ക് പിന്നാലെയാണ്. അവിടെയാണ് മിഥുൻ ചക്രവർത്തിയുടെ 'കൽപക്സ്' എന്ന ക്രിമിനൽ ഫാമിലിയും സുരാജ് വെഞ്ഞാറമൂടിന്റെ ദിലീപും വരുന്നത്. ഇവരെ ബിൽഡ് ചെയ്യുന്നതിൽ വിജയിച്ചാൽ സിനിമ പകുതി വിജയിച്ചു. രജനി മൊമന്റ്സ് കൂടിയാകുമ്പോൾ പറയണ്ട. പിന്നെ, നെൽസന്റെ സീക്രട്ട് ഫോർമുല... വജ്രായുധം - അതിഥി താരങ്ങൾ.
പീക്ക് രജനി മൊമന്റ്സിനൊപ്പം കൃത്യമായി പ്ലേസ് ചെയ്ത കാമിയോ വേഷങ്ങൾ കൊണ്ട് സിനിമയെ ബലപ്പെടുത്താൻ 'ജയിലറി'ൽ നെൽസൺ ശ്രമിച്ചിരുന്നു. ഒറ്റ താരത്തിൽ വിശ്വസിച്ച് കളത്തിൽ ഇറങ്ങരുതെന്ന് 'ബീസ്റ്റ്' അയാളെ പഠിപ്പിച്ചിരിക്കണം; നായകൻ രജനിയാണെങ്കിൽ കൂടി. ഇത്തവണയും അതങ്ങനെ തന്നെയാകും. രജനിയുടെ മാസിനും നെൽസന്റെ ഡാർക്ക് കോമഡിക്കുമിടയിൽ കഥയെ ബാലൻസ് ചെയ്യുക മറ്റ് മെഗാ താരങ്ങളാകും. ട്രെയ്ലറിൽ വെറും രണ്ട് സെക്കൻഡ് വന്നുപോകുന്ന മോഹൻലാലിന്റെ മാത്യു സോഷ്യൽ മീഡിയ കത്തിക്കുന്നത് നമ്മൾ കണ്ടതാണ്. ശിവ രാജ്കുമാറിന്റെ കാര്യവും അങ്ങനെ തന്നെ. വിജയ് സേതുപതിയുടെ ക്യാരക്ടറിനെ നമുക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. 'ജയിലർ' അടുത്ത ഭാഗത്തിലേക്കുള്ള ഹൂക്ക് ആകാം ഈ കഥാപാത്രം. അങ്ങനെയാണ് റിപ്പോർട്ടുകൾ. ഒരു സർപ്രൈസ് കാമിയോ കൂടി ചിത്രത്തിലുണ്ട്. ട്രെയ്ലറിൽ, സില്ലൗട്ടിൽ ഈ ക്യാരക്ടറിന്റെ ഒരു ബാക്ക് ഷോട്ട് മാത്രമാണ് കാണിച്ചിട്ടുള്ളത്. ഇത് ഹൃത്വിക് റോഷനാണെന്നാണ് സംസാരം. ഇനി ജയിലറിന്റെ എതിർ ടീമിലേക്ക് വന്നാൽ... മിഥുൻ ചക്രവർത്തി, സുരാജ്, വിദ്യാ ബാലൻ, എസ്. ജെ. സൂര്യ എന്നിങ്ങനെ ഒരു ലോഡ് വില്ലന്മാരുണ്ട് ആ നിരയിൽ. ഇവർ എല്ലാം വെറുതെ മാസ് കാട്ടാൻ, ജയിലറെ രക്ഷിക്കാൻ, അല്ലെങ്കിൽ ഒരു ഫൈറ്റ് സീനിൽ വന്നുപോകുന്നവരാകുമെന്ന് തോന്നുന്നില്ല.
ആദ്യ ഭാഗത്തിലെ കാമിയോകളിൽ പലതും ഇത്തവണ പ്രധാന വേഷങ്ങളായേക്കും. സ്ക്രീൻ പ്രസൻസ് കൊണ്ട് കോരിത്തരിപ്പിക്കുക മാത്രമാകില്ല അവരുടെ ധർമം. അവിടെയാണ് പല ഫാൻ തിയറികളും വരുന്നത്. അതിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒരു തിയറി, മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തെപ്പറ്റിയാണ്. ട്രെയ്ലറിൽ അൽപ്പം ഡാർക്ക് ആയിട്ടാണ് മാത്യുവിനെ കാണിച്ചിരിക്കുന്നത്. അതുവച്ച് മാത്യു വില്ലനാണെന്നും, ക്ലൈമാക്സിൽ രജനി അയാളെ ബോംബ് വച്ച് കൊല്ലും എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു തിയറി. ആദ്യ ഭാഗത്തിൽ മകൻ രണ്ടാം ഭാഗത്തിൽ സുഹൃത്ത്. അതായത് ബ്ലാക്ക് ഷീപ്പ് ഇത്തവണയും ജയിലറിന് ഒപ്പമാകുമെന്ന്. നെൽസനാണ്... അതുകൊണ്ട് ഇത് ഇങ്ങനെ ആകില്ലെന്നോ ആകുമെന്നോ തീർത്ത് പറയാൻ സാധിക്കില്ല. വല്ലാത്തൊരു സെൻസ് ഓഫ് ഫ്യൂമറാണ് ആ മനുഷ്യനുള്ളത്!
ഒരു കാര്യം ഉറപ്പാണ്, മോഹൻലാലും ശിവരാജ് കുമാറും ഇത്തവണ രണ്ട് സീനിൽ മാസ് കാട്ടിപോകുന്നവരാകില്ല. അങ്ങനെ സംഭവിച്ചാൽ, ആ സീനുകളിൽ കാണികളെക്കൊണ്ട് നിർത്താതെ കയ്യടിപ്പിക്കാൻ അവർക്ക് സാധിക്കുമെങ്കിൽ കൂടി, അത് വല്ലാത്തൊരു ആവർത്തനമായിപോകും. അതിന് നെൽസൺ ശ്രമിക്കുമെന്ന് തോന്നുന്നില്ല. പിന്നെ, വില്ലനായാലും നായകനായാലും, ഇനി ഒറ്റ സീനിലെ ഉള്ളെങ്കിൽ പോലും നല്ല പോലെ എഴുതിയ ഒരു കഥാപാത്രമായി മോഹൻലാൽ എത്തിയാൽ... അയാൾ നിൽക്കുന്നിടത്തേക്ക്, നോക്കുന്നിടത്തേക്ക് ഭാഷാഭേദമന്യേ പ്രേക്ഷകർ ചരിഞ്ഞുപോകും. അതിപ്പോൾ സ്റ്റൈൽ മന്നനാണ് എതിരെ നിൽക്കുന്നതെങ്കിൽ പോലും. വെള്ളിത്തിരയിലെ മാജിക് ആണത്. മുത്തുവേൽ പാണ്ഡ്യന്റെ ടൈഗർ ട്രാൻസ്ഫർമേഷനേക്കാൾ പലരും കാത്തിരിക്കുന്നത് ആ നിമിഷത്തിന് വേണ്ടിയാണ്. "എന്താ മോനേ" എന്ന് ചോദിച്ച്, ഒരു ഡാർക്ക് ചിരിയുമായി മാത്യുവിന്റെ വരവ്!