രജനികാന്ത് @75; തനിവഴി വെട്ടിയ 'തലൈവർ'

ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ രജനികാന്തിന് ഇന്ന് 75ാം പിറന്നാൾ
രജനികാന്ത്
രജനികാന്ത്Source: News Malayalam 24x7
Published on
Updated on

ക്ഷേത്രങ്ങളുടെ നഗരമാണ് മധുരൈ. അളഗർ കോവിലും, മുരുഗൻ കോവിലും പിന്നെ മീനാക്ഷി അമ്മൻ കോവിലുമുള്ള നാട്. ദ്രാവിഡ വാസ്തുശിൽപ്പകലയുടെ മകുടോദാഹരണങ്ങളായ നിരവധി നിർമിതികൾ മധുരൈയിൽ കാണാം. അവിടെ, തിരുമംഗലത്തിന് അടുത്ത് ഒരു അമ്പലമുണ്ട്. പേര് അരുൾമിഗ രജനി കോവിൽ. ഈ ക്ഷേത്രത്തിലെ മൂർത്തി അമ്മനോ, മരുഗനോ, പരമേശ്വരനോ അല്ല. രജനിയാണ്. സൂപ്പർ സ്റ്റാർ രജനികാന്ത്.

രജനി എന്ന പേര് കേട്ടാൽ കാർത്തിക്കിന്റെ കണ്ണുകൾ തിളങ്ങും. ചുണ്ടുകൾ 'തലൈവർ' എന്ന് അറിയാതെ ഉരുവിടും. രജനി അയാൾക്ക് ദൈവം പോലെയാണ്. കാർത്തിക്ക് തന്റെ ദൈവത്തിനായി 700 സ്ക്വയർ ഫീറ്റിൽ ഒരു അമ്പലം പണിതു. മൂന്നര അടി പൊക്കവും 300 കിലോ ഭാരവുമുള്ള രജനി വിഗ്രഹവുമുള്ള അമ്പലം. 1989ൽ ഇറങ്ങിയ ഹിറ്റ് ചിത്രം 'മാപ്പിളൈ'യിലെ കഥാപാത്രത്തിന്റെ രൂപമാണ് ഈ വിഗ്രഹത്തിന്. നീല ബ്ലേസറും നീല പാന്റുമണിഞ്ഞ തലൈവർ. എല്ലാ ദിവസവും കാർത്തിക്കും കുടുംബവും ഇവിടെ ആരതി ഉഴിയും, പ്രാർഥിക്കും.

അരുൾമിഗ രജനി കോവിൽ
അരുൾമിഗ രജനി കോവിൽ

സിനിമയിൽ 50 വർഷം പിന്നിടുന്ന രജനി, കാർത്തിക്കിനേ പോലെ ലക്ഷോപലക്ഷം പേർക്ക് ദൈവ തുല്യനാണ്. അല്ല, ദൈവം തന്നെയാണ്. ഒരു അഭിനേതാവ് താരമായി മാറുന്നതിന് നമ്മൾ പലവട്ടം സാക്ഷിയായിട്ടുണ്ട്. പക്ഷേ, രജനിയുടെ വളർച്ച അതിനും അപ്പുറത്തേക്കായിരുന്നു.

രജനികാന്ത്
കമ്മാരൻ മുതൽ കൊടുമൺ പോറ്റി വരെ; മമ്മൂട്ടി എന്ന പ്രതിനായകൻ

സൂപ്പർസ്റ്റാർ രജനികാന്ത്

ശിവാജി റാവു ​ഗെയ്ക്വാദ് എന്ന രജനികാന്തിന്റെ ജനനം കർണാടകയിൽ ഒരു മറാത്തി കുടുംബത്തിലാണ്. ദ്രാവിഡ സ്വത്വ ബോധം നിറഞ്ഞു നിൽക്കുന്ന തമിഴ് സിനിമാ മേഖലയിൽ എങ്ങനെ ഈ ​ഗെയ്ക്വാദ് സൂപ്പർസ്റ്റാർ ആയി? ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകുമ്പോൾ തന്നെ പലരുടെയും നോട്ടം മരതൂർ ഗോപാല രാമചന്ദ്രൻ എന്ന എംജിആറിലേക്ക് പോകും. എന്നാൽ എംജിആർ എന്ന പാലക്കാട്ടുകാരനെ എഴുതി വളർത്താൻ ഒരു കരുണാനിധി ഉണ്ടായിരുന്നു. ദ്രാവിഡ ദേശീയത നിറഞ്ഞ സിനിമകളും. എന്നാൽ രജനിക്ക് പിന്നിൽ ഒരു കരുണാനിധി ഉണ്ടായിരുന്നില്ല. തമിഴ് സിനിമയിലുണ്ടായ മാറ്റമാണ് രജനിയെ സൃഷ്ടിച്ചത്. കാലം എന്നും പറയാം. നടന്റെ സ്വന്തം നിലയ്ക്കുള്ള സംഭാവനകൾ കൂടി ചേ‍ർന്നപ്പോൾ രജനിക്ക് സമം രജനി മാത്രമായി.

1970-90 കാലഘട്ടത്തിൽ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ട നിയോ നേറ്റിവിറ്റി സിനിമകളാണ് രജിനിയെ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ട് ചെന്നുനിർത്തുന്നത്. തുടക്കം 1975ൽ കെ. ബാലചന്ദ്രറിന്റെ 'അപൂർവ രാ​ഗങ്ങളി'ൽ. ബാലചന്ദ്രറിൽ നിന്ന് രജനിയെ ബാലു മഹേന്ദ്രയും, മഹേന്ദ്രനും, ഭാരതിരാജയും ഏറ്റെടുത്തു. ഉത്തമ നായകനായി കമൽ തിളങ്ങി നിൽക്കുന്ന കാലമാണ്. ഒരു ചിന്ന ഇന്റലെക്ച്വൽ പ​ദവി അക്കാലത്ത് തന്നെ കമലിന് ഉണ്ട്. മറുവശത്ത് രജനി വരുന്നത് വില്ലനായാണ്. വില്ലൻ എന്ന് പറഞ്ഞാൽ ആരും വെറുത്തു പോകുന്ന കഥാപാത്രങ്ങൾ. പക്ഷേ രജനി ആളുകളെ തന്നിലേക്ക് അടുപ്പിച്ചു. '16 വയതിനിലെ' എന്ന ചിത്രത്തിലെ പരട്ടെ എന്ന രജനിയുടെ കഥാപാത്രം ഒരു വഷളനാണ്. സിനിമയിലെ നായകനായ കമൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ലൗഡ് ആയി അഭിനയിച്ച് തകർക്കുമ്പോൾ ഫ്രെയിമിന്റെ ഒരു മൂലയിൽ, വെറുതെ ഒരു ബീഡി ചുണ്ടിലേക്ക് വയ്ക്കുന്ന രജനിയിലേക്കാകും കാണിയുടെ ശ്രദ്ധ. ആ വില്ലൻ വേഷങ്ങളിൽ പോലും രജനി തന്റെ സ്റ്റൈൽ സ്ഥാപിച്ചു.

'അപൂർവ രാഗങ്ങൾ' സിനിമയിൽ രജനികാന്ത്
'അപൂർവ രാഗങ്ങൾ' സിനിമയിൽ രജനികാന്ത്

ഈ സ്റ്റൈൽ മാത്രമാണോ രജനി? അല്ലെന്ന് 80കൾക്കുള്ളിൽ തന്നെ നടൻ തെളിയിച്ചിരുന്നു. ഭുവനാ ഒരു കേൾവിക്കുറി, മുള്ളും മലരും, അവൾ അപ്പടിതാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരേയും നിരൂപകരേയും രജനി കയ്യിലെടുത്തു. ഇതിൽ 'മുള്ളും മലരും' എന്ന മഹേന്ദ്രൻ ചിത്രത്തിലെ 'കാളി' രജനിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. 'കെട്ട പയ്യൻ സാർ ഇന്ത കാളി' എന്ന് പറയുന്ന സീനിൽ രജനിയിൽ മെയിൽ ഈ​ഗോയുടെ പരകോടിയാണ് കാണാൻ സാധിക്കുക. ഇത് രജനി എന്ന നായകനിൽ പിന്നങ്ങോട്ട് വർഷങ്ങളോളം നിലനിന്നു. ഏൻ വഴി തനി വഴി, നാൻ ഒരു തടവ സൊന്നാൽ നൂറ് തടവ സൊന്ന മാതിരി എന്നിങ്ങനെയുള്ള മാസ് പഞ്ച്ലൈനുകളിൽ നമ്മൾ കാണുന്നത് ഈ ഈ​ഗോ തന്നെയാണ്. ഇത് കാണികളെ നല്ല പോലെ രസിപ്പിച്ചു. രജനിയുടെ കഥാപാത്രങ്ങളിലെ അമാനുഷികത്വം കാണികൾ സ്വീകരിക്കാൻ ഒരു കാരണം ഈ ഈ​ഗോ വിജയിച്ചു കാണാനുള്ള കൊതി കൂടിയാണ്. ഒപ്പം പാൽക്കാരനും, ഓട്ടോക്കാരനും, വില്ലുവണ്ടിക്കാരനുമായി എത്തിയ രജനി തങ്ങളിൽ ഒരാളാണ് എന്ന തോന്നലും. അയാൾ പ്രതിസന്ധികളെ തിരയിൽ നിസാരമായി മറികടക്കുമ്പോൾ, അതി മനുഷ്യനായി പരകായപ്രവേശം നടത്തുമ്പോൾ, ഇതൊക്കെ അസാധ്യമാണെന്ന തോന്നൽ ഇല്ലാതെയായി. റിയലിസ്റ്റിക്കായി ചിന്തിക്കാനുള്ള കാണിയുടെ ശേഷിയെ കബളിപ്പിക്കാൻ അഞ്ച് പതിറ്റാണ്ട് ഈ നടന് സാധിച്ചു. നായക ബിംബ നിർമിതിയിലെ മാസ്റ്റർ ക്ലാസാണിത്.

രജനികാന്ത്
"അറിയാല്ലോ മമ്മൂട്ടിയാണ്"; അഭിനയത്തിന്റെ രസവിദ്യ

തലൈവർ ദ‍ർശനം

1978ൽ ഇറങ്ങിയ 'ഭൈരവി' എന്ന ചിത്രത്തിലാണ് രജിനി ആദ്യമായി സോളോ നായകനായി എത്തുന്നത്. സിനിമയുടെ ഡിസ്ട്രിബ്യൂട്ടർ കലൈപ്പുലി എസ് ധാനു രജനിയെ ഒന്ന് റീബ്രാൻഡ് ചെയ്യാൻ തീരുമാനിച്ചു. കമലിനൊപ്പം നിങ്ങൾ കണ്ട രജനി അല്ല ഇതെന്ന് നിർമാതാവിനും വിതരണക്കാർക്കും സ്ഥാപിക്കണമായിരുന്നു. അവർ രജനിയുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചു. കട്ടൗട്ടുകളിൽ തികഞ്ഞ ഒരു നിഷേധിയായി രജനി തലയുയർത്തി, ഇടുപ്പൊന്ന് വശത്തേക്ക് ചരിച്ച് നിന്നു. ഇവിടെയും നിർത്തിയില്ല ധാനു. പോസ്റ്ററിൽ 'സൂപ്പ‍ർ സ്റ്റാ‍ർ രജനി' എന്ന് കൂടി എഴുതിചേർത്തു. പിന്നീട് 1992ൽ 'അണ്ണാമലൈ' എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയാണ് ഇന്ന് നമ്മൾ കാണുന്ന ഐക്കോണിക് ടൈറ്റിൽ ​കാർഡ് അവതരിപ്പിക്കുന്നത്. ദേവയുടെ മാസ് ദേശി ജെയിംസ് ബോണ്ട് സ്റ്റൈൽ തീം കൂടി ആയപ്പോൾ ടൈറ്റിൽ കാർഡ് കാണുമ്പോഴേ ജനങ്ങൾ ആർത്തുവിളിക്കാൻ തുടങ്ങി. ഇത് പിന്നെ രജനി പടങ്ങളിൽ ഒഴുച്ചുകൂട്ടാനാകാതെ ആയി.

ടൈറ്റിൽ കാർഡ് വന്ന് കഴിഞ്ഞാൽ പിന്നെ തലൈവർ ദർശനത്തിനായുള്ള ആവേശത്തിലായിരിക്കും കാണികൾ. ആ ആവേശം ഇരട്ടിപ്പിക്കണം. അതിനായാണ് ഇൻട്രോ സോങ്. രജനിയുടെ കഥാപാത്രത്തെ, അവരുടെ തൊഴിലിനെ, എന്തിനേറെ പറയുന്നു രജനിയെ തന്നെ ഉയർത്തിക്കാട്ടുന്ന ഒരു പാട്ട്. ആ പാട്ടിന്റെ ശക്തിയറിയണമെങ്കിൽ ഒരു രജനിപ്പടം ആദ്യ ദിനം ആദ്യ ഷോ കാണണം. എസ്പിബിയുടെ ശബ്ദത്തിൽ റഹ്മാനും ദേവയും ഏറ്റവും ഒടുവിൽ അനിരുദ്ധ് രവിചന്ദ്രറും ഒരുക്കിയ ഇൻട്രോ സോങ്ങുകൾ അക്ഷരാർഥത്തിൽ തിയേറ്ററുകളെ ഇളക്കിമറിച്ചു.

'കബാലി' സിനിമാ ലൊക്കേഷനിൽ രജനിയും പാ രഞ്ജിത്തും
'കബാലി' സിനിമാ ലൊക്കേഷനിൽ രജനിയും പാ രഞ്ജിത്തും

ഈ പറഞ്ഞ പശ്ചാത്തല നിർമിതികൾക്ക് ഒക്കെ ഉപരിയായി രജനിയെ സൂപ്പർസ്റ്റാർ ആയി മാറ്റുന്നത് അദ്ദേഹത്തിന്റെ അഭിനയ ശൈലിയാണ്. രജനിയുടെ എല്ലാ കഥാപാത്രങ്ങളിലും ഏറിയും കുറഞ്ഞും രജനിയെ കാണാം. ഒരു സാധാ സി​ഗരറ്റ് വിരലുകൾക്കിടയിൽ പിടിക്കുന്നതിനും, അത് ചുണ്ടിലേക്ക് വയ്ക്കുന്നതിനും, അത് കത്തിക്കുന്നതിനും രജനിക്ക് ഒരു പ്രത്യേക ശൈലിയുണ്ട്. രജനി കഥാപാത്രങ്ങൾ നിൽക്കുമ്പോൾ നമുക്ക് ഒന്നിനേയും കൂസാത്ത ഒരു മനുഷ്യനെയാണ് കാണാൻ സാധിക്കുക. ഇരിക്കുമ്പോൾ അയാൾ അധികാരം സ്ഥാപിക്കുന്നത് കാണാം. എന്തിനേറെ പറയുന്നു കൈവിരൽ ഒന്ന് ചലിപ്പിക്കുന്നതിന് പോലും തലൈവർക്ക് തനത് സ്റ്റൈൽ ഉണ്ട്. 'കാല' എന്ന സിനിമയിൽ പാ രഞ്ജിത്ത് , രജനിയുടെ ഈ താരശരീരത്തെ ജാതി അധികാരത്തിന് നേരെ ഒരു ആയുധം കണക്കിനാണ് മുന്നോട്ടുവച്ചത്.

ഇങ്ങനെ ഓരേ പോലെ അഭിനയിച്ചാൽ ആളുകൾക്ക് മടുക്കില്ലേ എന്നൊരു ചോദ്യം വന്നേക്കാം. രജനി ഒരു മോശം നടനാണ് എന്ന വിമ‍ർശനവും. എന്നാൽ ഇമേജ് ട്രാപ്പിനെ ഇത്ര വിദ​ഗ്ധമായി ഉപയോ​ഗിച്ച മറ്റൊരു നടനില്ല എന്നതാണ് സത്യം. 75ാം വയസിലും രസികർക്ക് രജനിയെ മടുക്കുന്നില്ല എന്നതാണ് സത്യം. പക്ഷേ, തങ്ങളുടെ നായകനെ വച്ച് പരീക്ഷിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അവർക്ക് രജനിയെ മതി. പേര് പടയപ്പയെന്നോ, അരുണാചലമെന്നോ ശിവാജി എന്നോ ഇഷ്ടമുള്ള പോലെ ഇടാം. പക്ഷേ രജനിസം ഇല്ലെങ്കിൽ അവർ ആ സിനിമയെ കൈവിടും. കബാലി, കാല പോലുള്ള നടനും താരവും സന്ധിയിലെത്തിയ സിനിമകൾ അതിന്റെ ഇരകളാണ്.

മഹേന്ദ്രന്റെ 'മുള്ളും മലരും'
മഹേന്ദ്രന്റെ 'മുള്ളും മലരും'

ഇനി രജനി എന്ന നടന്റെ കാര്യമാണ്. സൂപ്പർ സ്റ്റാ‍ർ പദവി രജനി എന്ന നടനെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യ കാലത്ത് തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ കുപ്പായത്തിനുള്ളിലാണ് രജനി തന്റെ സ്വാ​ഗ് കാണിച്ചിരുന്നതെങ്കിൽ ഇന്ന് രജനിക്ക് വേണ്ടി ഒരു കുപ്പായം തയിച്ച ശേഷമാകും അതിനൊത്ത ഒരു തിരക്കഥയുണ്ടാക്കുക. ഇത് നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന് തടസമായിട്ടുണ്ട്. ബിംബക്കെണിയിൽ നിന്ന് പുറത്തുകടക്കാൻ താരം തുനിഞ്ഞാലും ആരാധകർ സമ്മതിക്കാത്ത അവസ്ഥ. രജനിക്ക് ഇനിയും സമയമുണ്ട്. തനി വഴി വെട്ടാനുള്ള യൗവനം ഇപ്പോഴും അദ്ദേഹത്തിൽ ബാക്കിയുണ്ട്.

കഴിഞ്ഞ ഒരു പതിനഞ്ച് വർഷത്തിനിടയ്ക്കിറങ്ങിയ ചിത്രങ്ങളാണ് രജനി എന്ന് ധരിക്കുന്നവരോടാണ്. അയാൾ മികച്ച ഒരു നടൻ തന്നെയാണ്. സംശയമുള്ളവർ, മഹേന്ദ്രന്റെ 'ജോണി', 'മുള്ളും മലരും', അല്ലെങ്കിൽ ബാലചന്ദ്രറിന്റെ 'തില്ല് മുല്ല്' എന്നീ ചിത്രങ്ങൾ കാണുക. താരമല്ലാത്ത, രജനിയെ കാണാം. രജനിയുടെ നടിപ്പിന്റെ റേഞ്ച് അളക്കാം. എന്നിട്ട് ആ രജനിക്കായി വാശിപിടിക്കാം. അല്ലാതെ തലൈവരെ തമിഴഗ മുഖ്യമന്ത്രി ആക്കാനല്ല. ദൈവമാക്കാനല്ല. രാഷ്ട്രീയപരമായി വിമർശിച്ചു കൊണ്ടും രസിക്കാൻ സാധിക്കുന്ന അഭിനേതാവാണ് രജനികാന്ത്. ഇന്ത്യൻ സിനിമ കണ്ട ഒരേയൊരു 'സൂപ്പർ' നടൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com