പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി കമ്പനി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'കളങ്കാവൽ' റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നേരത്തെ നവംബർ 27 നായിരുന്നു ചിത്രം പുറത്തിറങ്ങാനിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു.
ഡിസംബർ അഞ്ചിനാണ് പ്രേക്ഷകർക്കായി കളങ്കാവൽ തീയേറ്ററുകളിലെത്തുക. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലർ തരുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും വ്യത്യസ്തത കൊണ്ട് പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. യു എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.