

തെലുങ്ക് സിനിമയിലെ നാച്ചുറൽ സ്റ്റാർ എന്ന് പേരെടുത്ത നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ദ പാരഡൈസ്' തിയേറ്ററുകളിലേക്ക് എത്തിയത്. വമ്പൻ ബജറ്റിൽ എത്തിയ ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ നാനിയുടെ ആദ്യ പ്രതികരണം വന്നിരിക്കുകയാണ്. വിമർശകരും റിവ്യൂവർമാരും ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്ന് താൻ പാഠമുൾക്കൊണ്ടെന്നാണ് താരം പറയുന്നത്.
"നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും മറുപടികളും ഞാൻ കണ്ടു. നിങ്ങൾ തരുന്ന സ്നേഹം ഞാൻ ഏറ്റുവാങ്ങുന്നു. അതിനൊപ്പം നിങ്ങളുടെ രസകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു. പ്രേക്ഷകർ ഈ ചിത്രത്തെ തങ്ങളുടേതാക്കി മാറ്റിയ രീതി എന്റെ മനസ് നിറച്ചു. ഒപ്പം വിമർശകരും റിവ്യൂവർമാരും ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്ന് ഞാൻ കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർക്കും നന്ദി എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ.
നിങ്ങൾക്ക് ഒരു വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ ഞങ്ങൾ ഏറെ ചോരയും നീരും ചിന്തിയാണ് ദ പാരഡൈസ് നിർമ്മിച്ചത്. ഇനിയിത് ആഘോഷിക്കാനും വിലയിരുത്താനുമുള്ള പൂർണ്ണ അവകാശം നിങ്ങൾക്കുള്ളതാണ്. ഈ സിനിമയോട് നിങ്ങൾ കാണിച്ച ആവേശത്തിനും എന്നോട് കാണിച്ച സ്നേഹത്തിനും നന്ദി," നാനി എക്സിൽ കുറിച്ചു.
'ജദാൽ' എന്ന കഥാപാത്രത്തെയാണ് നാനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കയാദു ലോഹർ ആണ് നായിക. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
അതേസമയം, നെഗറ്റീവ് റിവ്യൂകൾ 'പാരഡൈസി'ന്റെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസിന് മുൻപ് സൃഷ്ടിച്ച ഹൈപ്പ് ഫലിച്ചുവെന്നു വേണം കരുതാൻ.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 76.90 കോടി രൂപയാണ് ആഗോള തലത്തിൽ കളക്ട് ചെയ്തത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 34.65 കോടി രൂപയാണ്. 9,732 ഷോകളിൽ നിന്നാണ് 'ദ പാരഡൈസ്' ഈ കളക്ഷൻ സ്വന്തമാക്കിയത്. പ്രിവ്യൂ ഷോകൾ കൂടി കണക്കിലെടുത്താൽ 54.90 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ ഗ്രോസ്. ഓവർസീസ് ഗ്രോസ് 22 കോടിയാണ്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങാണിത്.
ആദ്യ ദിനം 21 കോടി നെറ്റ് കളക്ഷൻ നേടിയ 'ഹിറ്റ്: ദ തേർഡ് കേസ്' എന്ന ചിത്രത്തെയാണ് 'ദ പാരഡൈസ്' മറികടന്നത്. 2025ലാണ് 'ഹിറ്റ്' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമെത്തിയത്.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിർമ്മാതാവ്: സുധാകർ ചെറുകുറി ബാനർ: എസ്എൽവി സിനിമാസ് ഛായാഗ്രഹണം: സി എച്ച് സായ് സംഗീതം: അനിരുദ്ധ് രവിചന്ദർ എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആർഒ: ശബരി.