
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'മാ വന്ദേ' എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്.
നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നരേന്ദ്ര മോദിയുടെ ജീവിത യാത്രയെ ചിത്രീകരിക്കുന്ന 'മാ വന്ദേ' യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പറയുകയെന്നാണ് റിപ്പോർട്ടുകള്‍. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്ര ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക.
മോദിയുടെ ജീവിത യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമിക്കും. ചിത്രത്തിലൂടെ മുന്നോട്ട് വയ്ക്കാൻ പോകുന്ന, "ഒരു അമ്മയുടെ ഇച്ഛാശക്തി എണ്ണമറ്റ പോരാട്ടങ്ങളെക്കാൾ വലുതാണ്" എന്ന കേന്ദ്ര സന്ദേശം പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത് എന്നും അണിയറ പ്രവർത്തകർ പറയുന്നു.
ഛായാഗ്രഹണം - കെ. കെ. സെന്തിൽ കുമാർ ഐ. എസ്. സി, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൽ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി