'വെറുമൊരു പട്ടിക്കഥയല്ല'; കണ്ണുകളിൽ നനവ് പടർത്തിയ 'കാരമെലോ'

ആ യാത്രയിലേക്ക് അവൻ ഓടിയെത്തും ഏറെ കുസൃതികളും, അതിലുമേറെ പ്രതീക്ഷകളും തുടക്കങ്ങളും സമ്മാനിക്കുന്ന കാരമൽ നിറത്തിലുള്ള നായ്ക്കുട്ടി.
Caramelo Movie Review
Caramelo Movie Review News Malayalam 24X7
Published on
Updated on

അവസാനിക്കാറായി എന്ന് തോന്നുന്നിടത്ത് ജീവിതം ചില തുരുത്തുകൾ കാണിച്ചുതരും. ആദ്യം അൽപ്പം അസ്വസ്ഥരാകും പരിചയമില്ലാത്ത ഒന്നിനെ പരിചയിക്കാൻ തുടങ്ങും. പതിയെ പതിയെ മാറ്റങ്ങൾ വരും. തീർന്നു പോകുമെന്ന സ്ഥിതിയിൽ നിന്ന് പുതിയ തുടക്കങ്ങൾ. ആസ്വാദ്യകരമായ അനുഭവങ്ങളും അതിനിടയിൽ ഉണ്ടാകുന്ന ഇടർച്ചകളും ഉയിർപ്പുകളും ചേർന്ന് ജീവിതം മുൻപുള്ളതിനേക്കാൾ മനോഹരമാകും. 'കാരമെലോ' പറയുന്നതും അതാണ്. ഒരു പട്ടിക്കഥയെന്ന് പറഞ്ഞ് നമുക്ക് കടന്നുപോകാം. അല്ലെങ്കിൽ പെഡ്രോയുടെ യാത്രയ്ക്കൊപ്പം കൂടാം.

കാരമെലോ -  റാഫേൽ വിറ്റിയും  അമെന്ഡോയിമും
കാരമെലോ - റാഫേൽ വിറ്റിയും അമെന്ഡോയിമുംSocial Media

ആ യാത്രയിലേക്ക് അവൻ ഓടിയെത്തും കുസൃതികളും, അതിലുമേറെ പ്രതീക്ഷകളും തുടക്കങ്ങളും സമ്മാനിക്കുന്ന കാരമൽ നിറത്തിലുള്ള നായ്ക്കുട്ടി. കാരമെലോ. രുചികളുടെ ലോകത്ത് ജീവിക്കുന്ന ഷെഫ് പെഡ്രോ. കുട്ടിക്കാലം മുതൽ നാവിൽ അമ്മ പകർന്നുതന്ന രുചികളെ ഒന്നുകൂടി മോടികൂട്ടി ഭക്ഷണപ്രേമികളുടെ നാവിനെയും മനസിനേയും കീഴടക്കുന്നവൻ. ഒരു ഇറച്ചിക്കടയിൽ വച്ചുള്ള ആദ്യ കാഴ്ചയിൽ തന്നെ പെഡ്രോയുടെ മനസ് കീഴടക്കിയ നായ്ക്കുട്ടി. അവനറിയാതെ തന്നെ അവനോടൊപ്പം യാത്ര ചെയ്യുന്നു. ഹോട്ടലിൽ അവന്റെ കുസൃതി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കൊപ്പം തന്നെ പെഡ്രോയുടെ ഭാഗ്യവും കടന്നുവരുന്നു.

കാരമെലോ -  റാഫേൽ വിറ്റിയും  അമെന്ഡോയിമും
കാരമെലോ - റാഫേൽ വിറ്റിയും അമെന്ഡോയിമുംSocial Media

ഭക്ഷണം കൊടുത്ത് കൂടെക്കൂട്ടിയതല്ല പെഡ്രോയിലേക്ക് ചെന്ന് ചേരുകയായിരുന്നു അവൻ. കോരിച്ചൊരിയുന്ന മഴയിൽ ഫ്ലാറ്റിനുമുന്നിൽ ചെന്ന് അവൻ വിളിച്ചുണർത്തി. പിന്നീട് അവരൊന്നിച്ചാണ് യാത്ര. കാരമെൽ നിറമുള്ള തന്റെ കൊച്ചു ചങ്ങാതിയെ പെഡ്രോ കാരമെലോ എന്ന് വിളിച്ചു. ഡോഗ് ഫുഡ് വേണ്ടാത്ത അവനായി ഭക്ഷണം ഉണ്ടാക്കി. ബർഗറും, ലാറ്റിനമേരിക്കൻ ഇറച്ചിവിഭവങ്ങളും കഴിക്കാനിഷ്ടപ്പെടുന്ന, കടൽ കാണാനും, വെള്ളത്തിലിറങ്ങാനും, സ്രാവുകൾക്കൊപ്പം കളിക്കാനും ആഗ്രഹിക്കുന്ന കാരമെലോ. അവന്റെ താൽപര്യങ്ങളും, രീതികളും കൗതുകം ഉണർത്തുന്നതാണ് ഒപ്പം അൽപ്പം വിചിത്രവും.

Caramelo Movie Review
Denis Villeneuve | ഹോളിവുഡിനെ ഞെട്ടിച്ച പുറപ്പാട്

അവൻ എത്രമാത്രം മനുഷ്യനോട് ചേർന്നു നിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിലെ ഓരോ നിമിഷങ്ങളും. പെഡ്രോവിന് കാൻസർ സ്ഥീരികരിച്ച നിമിഷം മുതൽ അയാൾ അതീജിവിക്കുന്നത് അവനോടൊപ്പമാണ്. തളർച്ചകളിൽ അയാൾക്ക് കൂട്ടിരിക്കുന്നത് കാരമെലോയാണ്. ഒപ്പം പെഡ്രോയെ സന്തോഷിപ്പിക്കുവാനും. ആക്ടീവാക്കാനും അവന് കഴിയുന്നു. കാൻസർ ബാധിതനായ ലിയോ എന്ന കൂട്ടുകാരനിലൂടെ പെഡ്രോ ജീവിതത്തെ വീണ്ടും പുതുക്കിപ്പണിയുന്നു. സ്വപ്നങ്ങൾ കാണുന്നു. നിറങ്ങളുള്ള ലോകത്തേക്ക് ലിയോ പെഡ്രോയെ കൂട്ടിക്കൊണ്ടു പോകുന്നു. ഒപ്പം നമ്മളേയും.

കാരമെലോ -  റാഫേൽ വിറ്റിയും  അമെന്ഡോയിമും
കാരമെലോ - റാഫേൽ വിറ്റിയും അമെന്ഡോയിമുംSocial Media

വളർത്തുമൃഗങ്ങളുമായുള്ള മനുഷ്യന്റെ അടുപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഇതാദ്യമായല്ല എത്തുന്നത്. എല്ലാ കാലങ്ങളിലും ഒട്ടുമിക്ക ഭാഷകളിലും ഇത്തരം സഹജീവി സ്നേഹത്തിന്റെ കഥപറയുന്ന സിനിമകൾ നിർമിക്കുന്നുണ്ട്. ഒരു ഫീൽ ഗുഡ് സിനിമ എന്നതിനപ്പുറം വലുതായൊന്നും അവകാശപ്പെടാനില്ല 'കാരമെലോ'യ്ക്ക്. എങ്കിലും കണ്ടിറങ്ങുന്നവരുടെ മനസിൽ അവൻ തങ്ങിനിൽക്കും. പാചകവും, പ്രണയവും, അമ്മയൊടൊപ്പമുള്ള സന്തോഷങ്ങളും, പെഡ്രോ ജീവിതം ആസ്വദിക്കുമ്പോൾ അവനോടൊപ്പം കാരമെലോയുണ്ട് ഒരു നിമിഷം പോലും പിരിയാതെ.

Caramelo Movie Review
"റേച്ചൽ കൊമേഷ്യൽ സിനിമ, ഫീമെയിൽ സെൻട്രിക് മൂവി അല്ല" | 'Rachel' Team Interview

ബ്രസീലിയൻ ചലച്ചിത്രകാരൻ ഡീഗോ ഫ്രീറ്റാസിന്റെ സംവിധാനത്തിലെത്തിയ നെറ്റ്ഫ്ലിക്സ് ചിത്രം ചർച്ചയാകേണ്ട ഒന്നാണ്. ബ്രസീലിയൻ ചലച്ചിത്രലോകത്ത് ഏറെ മികച്ച സൃഷ്ടികൾ നൽകിയ സംവിധായകനാണ് ഡീഗോ. ആ മികവ് 'കാരമെലോ'യുടെ ഓരോ ഷോട്ടിലും നമുക്ക് കാണാം. ചിത്രത്തിൽ ഷെഫ് പെഡ്രോയായി റാഫേൽ വിറ്റിയും കാരമലോയായി അമെന്ഡോയിമും ഫ്രെയിമിൽ ജീവിച്ചു. അവരുടെ കളിചിരികളും, വൈകാരിക ബന്ധവുമെല്ലാം കാണികളെ ആഴത്തിൽ തൊടുന്നതായിരുന്നു. ഒരു നായ്ക്കുട്ടിയെ സ്നേഹിക്കുന്നതല്ല, മറിച്ച് വളരെപ്പെട്ടെന്ന് ഇല്ലാതായിത്തീരുമായിരുന്ന ഒരു മനുഷ്യ ജീവിതത്തിൽ പ്രതീക്ഷയായി, പുതിയ തുടക്കം നൽകാൻ ഒരു നായ്ക്കുട്ടിയെങ്കിലും മതിയാകും എന്ന ലളിതമായ ആശയം മനോഹരമായി പറഞ്ഞുവയ്ക്കുകയാണിവിടെ.

കാരമെലോ -   അമെന്ഡോയിം
കാരമെലോ - അമെന്ഡോയിംSocial Media

മനുഷ്യനും- മൃഗങ്ങളും അതിൽ തന്നെ നായകളുമായുള്ള ബന്ധം പ്രമേയമാക്കിയ നിരവധി ചിത്രങ്ങൾ നമ്മെ സ്പർശിച്ചു കടന്നുപോയിട്ടുണ്ട്. ഏറെ സന്തോഷത്തിനു നടുവിൽ എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നിടത്ത് വരെ പെഡ്രോയുടെ ജീവന് കൂട്ടിരിക്കുന്ന, അതിനായി കരഞ്ഞുകൊണ്ടോടുന്ന കാരമെലോ പ്രക്ഷകരുടെ കണ്ണുകളെ നനയിക്കും. മനസുകൾ നിറയ്ക്കും. ലാറ്റിനമേരിക്കൻ ചിത്രങ്ങളിലെ ശുഭാന്ത്യം അത്ര പരിചിതമല്ലാത്ത പ്രേക്ഷർക്കുപോലും ആശ്വാസം നൽകി, മുഖത്ത് ഒരു പുഞ്ചിരി സമ്മാനിച്ച് പോകുന്ന ചിത്രം.

റാഫേൽ വിറ്റിയും കാരമലോയായി അമെന്ഡോയിമും
റാഫേൽ വിറ്റിയും കാരമലോയായി അമെന്ഡോയിമും Social Media

ഉപേക്ഷിക്കപ്പെട്ടിടത്ത് നിന്ന് ഓടിയെത്തിയ തെരുവുനായ ചെന്ന് കയറുന്നത് ഒരു ഷെഫിന്റെ ജീവിതത്തിലാണ്. അവന് നൽകിയ ജീവിതം , കരുതൽ അതിലുമേറെ ഇരട്ടിയായി അവൻ അയാൾക്ക് തിരിച്ചുനൽകുന്നു. മരണത്തിനു പോലും വിട്ടുകൊടുക്കാതെ തന്റെ പ്രിയപ്പെട്ടവനെ കാരമെലോ എന്ന നായ്ക്കുട്ടി ചേർത്തു പിടിക്കുന്നു. ജീവിത വിജയത്തിലെത്താൻ, പ്രതിസന്ധികളെ മറികടക്കാൻ, സന്തോഷം നിലനിർത്താൻ ചില ബന്ധങ്ങൾ സഹായിക്കും. അത് ചിലപ്പോൾ ഒരു കുഞ്ഞു ജീവനാകാം. രസകരവും വൈകാരികവും ലളിതവുമായി ചിത്രം പറയുന്നത് ഇത്രമാത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com