

നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കേരള ബോക്സ് ഓഫീസിൽ 300 കോടിക്ക് മുകളിൽ കളക്ഷനുമായി ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
ഓഗസ്റ്റ് 21ന് ഓണം റിലീസായാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിനം മുതൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അത് സിനിമയുടെ കളക്ഷനിലും പ്രതിഫലിച്ചു. റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിലാണ് ചിത്രം 300 കോടി ക്ലബിൽ കയറിയത്. കേരളത്തിന് പുറമെ തമിഴ്നാട്, തെലങ്കാന, ജിസിസി കേന്ദ്രങ്ങളിൽ വലിയ ബോക്സ് ഓഫീസ് ചലനമാണ് ചിത്രം സൃഷ്ടിച്ചത്. ഒടിടിയിലും ചിത്രം ഹിറ്റാണ്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രമെന്ന പ്രത്യേകതയും 'ബെത്ലഹേമി'നുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അജ്മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്. ഗാനരചന: വിനായക് ശശികുമാർ എന്നിവരും നിര്വഹിച്ചിരിക്കുന്നു.
ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്,സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി.