കൊച്ചി: ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ പോളി ഒന്നിക്കുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം ഇതിനകം സിനിമാ ലോകത്ത് സംസാര വിഷയമായി മാറിയിരിക്കുകയാണ്. 'സർവം മായ'യിലൂടെ 100 കോടി നേട്ടം സ്വന്തമാക്കിയ നിവിൻ പോളി 2026ൽ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സെറ്റിൽ ജോയിൻ ചെയ്ത നിവിൻ പോളിയുടെ രസകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. ഈ ബാനറിനോടൊപ്പം നിവിൻ ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.
ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി, പിആർഒ: ആതിര ദിൽജിത്ത്.