ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാലി’ലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ‘ധുരന്ധർ’ സിനിമയിലെ ഗാനങ്ങൾ പാടി ശ്രദ്ധേയനായ സുധീർ യദുവൻഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘ധുരന്ധർ’ ടൈറ്റിൽ ട്രാക്കിലൂടെ വലിയ ശ്രദ്ധ നേടിയ സുധീർ യദുവൻഷി, ‘ധുരന്ധർ: ദി റിവഞ്ച്’ലെ ‘ആരി ആരി’ ഉൾപ്പെടെയുള്ള ഗാനങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുണ്ട്. ‘ധുരന്ധർ’ ടൈറ്റിൽ ട്രാക്ക് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇർഷാദ് ദലാൽ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന രതീഷ് വേഗ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ‘ഓപ്പറേഷൻ ത്രാൽ’ നിർമിക്കുന്നത്. സുനിമോൾ ജോബി സഹനിർമാതാവാണ്.
ദേശീയ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൽ’. ജമ്മു കശ്മീരിലെ ത്രാലിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ആക്ഷൻ രംഗങ്ങളാണ് ചിത്രങ്ങളിലുള്ളത്. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ പാൻ ഇന്ത്യൻ വ്യാപ്തി കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പ്രോജക്‌ടാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിങ് ഷഫീഖ് വി.ബി കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ എന്നിവരാണ് നിർവഹിക്കുന്നത്.