ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ പുതിയ പ്രോമോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ബോളിവുഡ് താരം പരിനീതി ചോപ്രയും ഭര്‍ത്താവ് രാഘവ് ഛദ്ദയുമാണ് ഇത്തവണ പരിപാടിയിലെ അതിഥികള്‍. ഇരുവരും അവരുടെ വിവാഹജീവിതത്തെ കുറിച്ചും ആദ്യം പരിചയപ്പെട്ടതിനെ കുറിച്ചും പരിപാടിയില്‍ സംസാരിച്ചു.
ലണ്ടനില്‍ വെച്ചാണ് രാഘവിനെ താന്‍ ആദ്യം കാണുന്നതെന്ന് പരിനീതി പരിപാടിയില്‍ പറഞ്ഞു. കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ഉയരം എത്രയാണെന്ന് ഗൂഗിള്‍ ചെയ്തിരുന്നു എന്നും തമാശ രൂപേണ പരിനീതി പറഞ്ഞു.
പരിനീതി ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ലെന്ന് പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ കുറിച്ച് രാഘവ് ഛദ്ദയും സംസാരിച്ചു. "ഞാന്‍ ഒരിക്കലും രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ലെന്ന് അവള്‍ പറഞ്ഞു. എന്നിട്ട് രാഷ്ട്രീയക്കാരനെ തന്നെ വിവാഹം ചെയ്തു. അവള്‍ പറയുന്നതിന്റെ വിപരീതമാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ എല്ലാ ദിവസം രാവിലെ ഞാന്‍, രാഘവ് ഛദ്ദ ഒരിക്കലും പ്രധാനമന്ത്രിയാവില്ലെന്ന് പറയാന്‍ പരിനീതിയേട് പറയും", എന്നാണ് രാഘവ് പറഞ്ഞത്.
2023ല്‍ ഉദയ്പൂരിലെ ലീല പാലസില്‍ വെച്ചാണ് പരിനീതിയും രാഘവും വിവാഹിതരാകുന്നത്. അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളും സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖരുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇംത്യാസ് അലി സംവിധാനം ചെയ്ത അമര്‍ സിംഗ് ചംകീലയിലാണ് പരിനീതി അവസാനമായി അഭിനയിച്ചത്. അടുത്തതായി റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ഒരു നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസിലാണ് പരിനീതി അഭിനയിക്കുന്നത്.