

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റിന്റെ ട്രെയ്‌ലർ എത്തി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മമ്മൂട്ടി തൃശൂർ രാഗം തിയേറ്ററിൽ നിന്നും മോഹൻലാൽ എറണാകുളം കവിത തിയേറ്ററിൽ നിന്നുമാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്.
തീയേറ്ററുകളിലെത്തുന്ന സിനിമാപ്രേമികൾക്കായി അണിയറയിൽ കാത്തിരിക്കുന്നത് വൻ വിസ്മയമാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഹോളിവുഡ് ലെവൽ മേക്കിംഗ് ഫീൽ തരുന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാനാകുക. ഓരോ സീനിലും ഉദ്വേഗം നിറച്ച് സൂപ്പർ താരങ്ങളടക്കം നിറഞ്ഞ് നിൽക്കുന്നു.
ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും മാറ്റിയിരുന്നു. മെയ് 1നാണ് ചിത്രം തീയേറ്ററുകളിലെത്തുക. റിലീസിൻ്റെ പുതിയ തീയതി മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ റിലീസ് നീട്ടിയത്.
വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഹൈ-വോൾട്ടേജ് സ്പൈ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.