
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി സൗബിന്‍ ഷാഹിര്‍ മാറിയിരിക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാണ്ടിപ്പട എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ സൗബിന്‍ ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എന്നും പ്രകാശ് രാജ് പറഞ്ഞു. അപ്പോള്‍ തന്നെ സിനിമയോടുള്ള സൗബിന്റെ പാഷന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ടാ ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ് സൗബിനെ പ്രശംസിച്ചത്.
"ഒരുപാട് വര്‍ഷം മുമ്പ് ഞാന്‍ മലയാളത്തില്‍ പാണ്ടിപ്പട എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഞാന്‍ ആ സിനിമയില്‍ വില്ലന്‍ വേഷമാണ് ചെയ്തിരുന്നത്. അന്ന് ആ പടത്തില്‍ സൗബിന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നേ സിനിമയോടുള്ള അയാളുടെ പാഷന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി അയാള്‍ മാറിയിരിക്കുകയാണ്. ഏത് തരം വേഷവും ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകള്‍ ധാരാളമായി ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാളം", പ്രകാശ് രാജ് പറഞ്ഞു.
"മലയാളത്തിലെ പല ആര്‍ട്ടിസ്റ്റുകളും ക്യാരക്ടര്‍ റോള്‍ ചെയ്യുമ്പോള്‍ അതിനെ വേറെ ലെവലിലെത്തിക്കാറുണ്ട്. പലരും ഈയടുത്ത് മാത്രമായിരിക്കും മലയാളസിനിമകള്‍ കണ്ടുതുടങ്ങിയിട്ടുണ്ടാവുക. ഞാന്‍ പണ്ടുമുതലേ മലയാളത്തിലെ സിനിമകളെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിലെല്ലാം നമ്മളെ ഞെട്ടിക്കുന്ന പല ആര്‍ട്ടിസ്റ്റുകളുമുണ്ട്", അദ്ദേഹം വ്യക്തമാക്കി.
"സൗബിന്റെ കാര്യമെടുത്താല്‍ അയാള്‍ ആദ്യകാലം മുതല്‍ തെരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണ്. ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റന്‍സിറ്റിയെല്ലാം എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ മോണിക്ക എന്ന പാട്ടില്‍ അയാളുടെ ഡാന്‍സ് മാത്രമേ എല്ലാവരും ശ്രദ്ധിക്കുള്ളൂ. എന്നാല്‍ ആ പടത്തില്‍ അയാള്‍ ആ കഥാപാത്രത്തിന് കൊടുക്കുന്ന ഇന്റന്‍സിറ്റി അപാരമാണ്. ഞാന് അയാളുടെ ഫാനായി മാറി", പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.