"ഇത് വിറകാ, ഭാസ്കരന്റെ വിറക്"; 'ഷമ്മി ഷോ' ആകുന്ന വിലായത്ത് ബുദ്ധ| Vilaayath Budha Review

ജി.ആ‍ർ. ഇന്ദു​ഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് അതേ പേരിൽ സിനിമ ആയത്
'വിലായത്ത് ബുദ്ധ' റിവ്യൂ
'വിലായത്ത് ബുദ്ധ' റിവ്യൂSource: News Malayalam 24x7
Published on
Updated on

മറയൂർ, ശർക്കരയ്ക്കും ചന്ദനത്തിനും പേര് കേട്ട സ്ഥലം. 'വിലായത്ത് ബുദ്ധ' എന്ന ജയൻ നമ്പ്യാർ ചിത്രത്തിന്റെ ഭൂമിക മൂന്നാറിടുത്തുള്ള ഈ മഴനിഴൽ പ്രദേശമാണ്. ടൈറ്റിൽ സോങ്ങിനപ്പുറം മറയൂർ മോഹനന്റേതാണ്. ഡബിൾ മോഹനന്റേത്. അത് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് പാതിമുക്കാൽ സിനിമയും. എന്നാൽ ഒരു നടൻ അമിതഭാരമുള്ള തന്റെ കഥാപാത്രത്തെയും തോളിലേറ്റി ആ നിഴലിനപ്പുറത്തേക്ക് വളരുന്നത് 'വിലായത്ത് ബുദ്ധ'യിൽ കാണാം. അത് മറ്റാരുമല്ല ഷമ്മി തിലകൻ.

ജി.ആ‍ർ. ഇന്ദു​ഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് അതേ പേരിൽ സിനിമ ആയത്. 'വിലായത്ത് ബുദ്ധ' എന്നാൽ ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനം എന്നാണ് സങ്കൽപ്പം. മോഹനൻ എന്ന ചന്ദനമരക്കടത്തുകാരന്റെ ഭാഷയിൽ, ചന്ദന മരങ്ങൾക്കിടയിലെ മമ്മൂട്ടി. അപ്പോ റേഞ്ച് പറയണ്ടല്ലോ. ഒരു പ്രത്യേക ദശാസന്ധിയിൽ കുടുങ്ങിയ ടി. ഭാസ്കരൻ എന്ന മാഷും മോഹനനും പിന്നെ ഈ വിലായത്തും കൂട്ടിമുട്ടിടുന്നിടത്താണ് നോവലിന് ചൂട് പിടിക്കുന്നത്. എന്നാൽ സിനിമയിലേക്ക് എത്തുമ്പോൾ ഈ കൂട്ടിമുട്ടലിന് നല്ലവണ്ണം കാത്തിരിക്കണം. പ്രേക്ഷകരെ ഇത്തരം ഒരു കാത്തിരിപ്പിന് നി‍ർബന്ധിതരാക്കുന്നു എന്നത് സിനിമയുടെ ആഖ്യാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

'തൂവെള്ള ഭാസ്കരൻ' എന്ന ഷമ്മി തിലകൻ അവതരിപ്പിച്ച കഥാപാത്രമാണ് ഈ സിനിമയിൽ കാണിക്ക് ആശ്വാസമേകുന്ന ഏക കാഴ്ച. എന്ത് ചേലാണ് ആ നടൻ അഭിനയിക്കുന്നത് കാണാൻ. തൂവെള്ള ഭാസ്കരൻ മറയൂരെ പഞ്ചായത്ത് പ്രസിഡന്റാണ്. മുൻ അധ്യാപകനാണ്. സംശുദ്ധമായ പ്രതിച്ഛായ ആണ് അയാളുടെ കൈമുതൽ. ശുഭ്ര നിറത്തിൽ തിളങ്ങി നിൽക്കുന്ന ഭാസ്കരൻ മാഷ് ജീവിതത്തിൽ ആദ്യമായി ഒരു കുറുക്ക് വഴി എടുക്കുന്നു. അത് അയാളുടെ ജീവിതത്തിൽ കറയാകുന്നു. മഞ്ഞ നിറത്തിൽ പരന്ന ആ കറ അയാളെ വിട്ടുമാറാത്ത നാറ്റമാകുന്നു. ഇങ്ങനെ ആളും പേരും പോയി നി‍ൽക്കുന്ന ഭാസ്കരൻ മാഷായി, അയാളുടെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലൂടെ ഷമ്മി എന്ന നടൻ അനായാസം നടന്നു നീങ്ങി. വോയിസ് മോഡിലേഷൻ കൊണ്ട് ഭാസ്കരൻ മാഷിന്റെ മനസ് പതറുന്നത് ഷമ്മി കാട്ടിതന്നു.

'വിലായത്ത് ബുദ്ധ' റിവ്യൂ
'നന്ദനം' മുതല്‍ 'ഖലീഫ' വരെ; പൃഥ്വിരാജിന്റെ സിനിമായാത്ര

എന്നാൽ, ജയൻ നമ്പ്യാരുടെ ഫ്രെയിമുകൾ അധിക സമയവും പൃഥ്വിരാജ് അവതരിപ്പിച്ച ഡബിൾ മോഹനനിലാണ് ചുറ്റിത്തിരിയുന്നത്. മുൻപ് നമ്മൾ കണ്ട പല പൃഥ്വിരാജ് കഥാപാത്രങ്ങളുടേയും ഛായ ഡബിൾ മോഹനനിൽ കാണാം. മുണ്ടുടുത്ത് മുഖത്ത് അൽപ്പം കറുപ്പടിച്ചു എന്ന് മാത്രം. ഇത് ഭാസ്കരൻ-ഡബിൾ കൊമ്പുകോ‍ർക്കലിന്റെ രസംകെടുത്തുന്നു. ഡബിൾ മോഹനൻ എന്ന 'ചിന്നവീരപ്പന്' ഹീറോ പരിവേഷം നൽകാനുള്ള സിനിമാറ്റിക് ടെക്നിക്കുകൾ എല്ലാം സംവിധായകൻ പ്രയോ​ഗിക്കുന്നുണ്ട്. ഇത് കഥാപാത്രത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് വിലങ്ങുതടിയാകുന്നു.

ഈ സിനിമയുടെ കഥ കേവലം മോഹനൻ-ഭാസ്കരൻ ഈ​ഗോ ക്ലാഷല്ല. ഭാസ്കരൻ, ചൈതന്യം എന്നീ രണ്ട് കഥാപാത്രങ്ങൾ പേരുദോഷം മാറ്റിയെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ കൂടിയാണ്. പേരിനൊപ്പം നാട്ടുകാ‍ർ കൂട്ടി ചേ‍ർത്ത നാറ്റം മായ്ക്കാനാണ് ഭാസ്കരൻ മാഷിന്റെ ശ്രമം. അത് ജീവിച്ചിരിക്കുമ്പോൾ തന്നെ വേണമെന്ന് അയാൾക്ക് നി‍ർബന്ധമില്ല. എന്നാൽ ചൈതന്യത്തിന് അങ്ങനെയല്ല. അവൾക്ക് ഈ ജീവിതത്തിൽ തന്നെ തന്റെ പേരുദോഷം മാറ്റിയെഴുതണം. ഈ രണ്ട് കഥാപാത്രങ്ങളും ചന്ദനം പോലെയാണ്. തൊട്ടടുത്ത നി‍ൽക്കുന്ന മരത്തിന്റെ പോഷകങ്ങൾ ഊറ്റിയാണ് തന്നിലേക്ക് മണവും പെരുമയും അവർ കൊണ്ട് വരാൻ ശ്രമിക്കുന്നത്. ഭാസ്കരൻ മാഷ് അക്ഷരാ‍ർഥത്തിൽ അതിന് തുനിയുമ്പോൾ ചൈതന്യം മോഹനനിലൂടെയാണ് 'ചോലയ്ക്കലെ ചെമ്പകത്തിന്റെ മകൾ' എന്ന പേര് മാറ്റാൻ നോക്കുന്നത്. ഈ പരിശ്രമങ്ങളുടെ കഥ കൂടിയാണ് 'വിലായത്ത് ബുദ്ധ' എന്ന നോവൽ. എന്നാൽ, തിരക്കഥയിൽ ഭാസ്കരൻ വെട്ടിത്തിളങ്ങി, ചൈതന്യം മങ്ങിപ്പോയി. ചൈതന്യത്തിനായി മാത്രം ഒരുമ്പട്ടിറങ്ങിയാൽ നായകന്റെ 'നായകത്വം' കുറഞ്ഞുപോകുമോ എന്ന് വിചാരിച്ചിട്ടോ എന്തോ, ഒരു ജനനായക പരിവേഷവും മോഹനന് നൽകാൻ ശ്രമിക്കുന്നുണ്ട്. ഫലമോ, ശക്തമായ ഒരു സ്ത്രീ കഥാപാത്രം ആകേണ്ടിയിരുന്നിടത്ത് നിന്ന് ചൈതന്യം അവസാനത്തോട് അടുക്കും വരെ മോഹനന്റെ നിഴൽ മാത്രമായി. ഈ കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയംവദ പൃഥ്വിരാജിന്റെ മാസ് കഥാപാത്രങ്ങളുടെ അനുകരണവും.

'വിലായത്ത് ബുദ്ധ' റിവ്യൂ
വിലായത്ത് ബുദ്ധ ഗ്രാന്‍ഡ് പടം

ആഖ്യാനത്തെ ബലികൊടുത്താണ് 'വിലായത്ത് ബുദ്ധ'യെ ഒരു വലിയ സിനിമ ആക്കാൻ ശ്രമിക്കുന്നത്. മാസും ആക്ഷനും ഒരു കാര്യവുമില്ലാത്തിടത്തും കടന്നുവരുന്നു. ക്ലൈമാക്സിനോടടുത്ത് എന്തിനെന്ന് പോലും അറിയാതെ പാവം നായകൻ പൊടിപാറിച്ച് അടികൂടുന്നു. ടൈറ്റിൽ സോങ്ങിന് അപ്പുറത്തേക്ക് ​ജെയ്ക്സ് ബിജോയ്‌യുടെ പാട്ടുകൾ അത്രകണ്ട് ഫലപ്രദമായില്ല. എന്നാൽ, നല്ല ഒച്ചപ്പാടുണ്ടാക്കി ബിജിഎമ്മിലൂടെ തന്റെ സാന്നിധ്യം സിനിമയിലുടനീളം ജെയ്‌ക്സ് അറിയിച്ചുകൊണ്ടിരുന്നു. അരവിന്ദ് കശ്യപിന്റെ ഫ്രെയിമുകൾക്ക് ഒരു യൂണിഫോമിറ്റി നിലനി‍ർത്താൻ സാധിക്കുന്നുമില്ല.

ആകെ മൊത്തത്തിൽ വിലായത്ത് ബുദ്ധ ഒരു ഷമ്മി തിലകൻ ഷോ ആണ്. ഷമ്മിയാണ് ഈ സിനിമയിലെ എ ക്ലാസ് ചന്ദനം. ചന്ദനം ചാരിയതിനാൽ മാത്രം സിനിമയിലും ചന്ദനം മണക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com