
ഇന്ത്യന്‍ സിനിമയില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്തുന്ന നിരവധി സിനിമകളുണ്ട്. മലയാളത്തില്‍ തുടങ്ങി തമിഴിലും ഹിന്ദിയിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍.
1984 ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം മലയാള സിനിമയ്‌ക്കൊപ്പമുണ്ട്. 1978 ല്‍ മോഹൻലാലിൻ്റെ ആദ്യ ചിത്രം തിരനോട്ടത്തിലൂടെയാണ് സിനിമയ്‌ക്കൊപ്പമുള്ള ആ യാത്ര തുടങ്ങുന്നത്.
നൂറാമത്തെ ചിത്രം ഹയ്‌വാന്റെ ചിത്രീകരണത്തിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇതിനു ശേഷം ഹിന്ദിയില്‍ തന്നെ ഹീരാ ഫേരി 3 ന്റെ ചിത്രീകരണം ആരംഭിക്കും. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹയ്‌വാന്‍ ഒരുക്കുന്നത്. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.
സിനിമയില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്ന് പറയുകയാണ് പ്രിയദര്‍ശന്‍. ഹയ്‌വാന്‍, ഹീര ഫേരി 3 എന്നിവ പൂര്‍ത്തിയാക്കിയാല്‍ വിരമിക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കലിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞത്.
അക്ഷയ് കുമാര്‍, പരേഷ് റാവല്‍, വാമിഖ ഗബ്ബി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഭൂത് ബംഗ്ലായുടെ ചിത്രീകരണവും പൂര്‍ത്തിയായി. ഇനിയുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വിരമിക്കാനാണ് ആലോചിക്കുന്നത്. ക്ഷീണിതനായി തുടങ്ങിയെന്നും വിശ്രമം വേണമെന്നുമാണ് അദ്ദേഹം പറയുന്നത്.
17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ചിത്രമാണ് ഹയ്‌വാന്‍. 2008 ല്‍ പുറത്തിറങ്ങിയ തഷന്‍ ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം.